പാരിസ്: ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായ ഫ്രാന്‍സില്‍ വീണ്ടും ആക്രമണം. ഫ്രാന്‍സിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പുരോഹിതന് വെടിയേറ്റു. ഫ്രാന്‍സിലെ ലയോണ്‍ നഗരത്തിലാണ് ആക്രമണമുണ്ടായത്. നീസില്‍ പള്ളി ആക്രമിച്ച് മൂന്ന് സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുരോഹിതന് നേരെയുള്ള ആക്രമണം. 

52കാരനായ നിക്കോളാസ് കകാവെല്‍സ്‌കി എന്ന പുരോഹിതനെയാണ് ആക്രമിച്ചത്. ഉച്ചയ്ക്ക് ശേഷം പള്ളി അടച്ച് മടങ്ങാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ഇദ്ദേഹത്തെ വെടിവച്ചത്. നിക്കോളാസ് ഇപ്പോള്‍ ഗുരുതുരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമി ഉടന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് ലയോണിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 

പോയിന്റ് ബ്ലാങ്കില്‍ പുരോഹിതന്റെ നെഞ്ചിന് രണ്ടുതവണയാണ് അക്രമി വെടിവെച്ചത്. ആക്രമണത്തിന്റെ ഉദ്ദേശം വ്യക്തമല്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന് ഫ്രാന്‍സിലെ അധ്യാപകന്റെ തല വെട്ടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ച് മൂന്ന് സ്ത്രീകളെ ആക്രമിച്ചത്.