പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു.

റിയോ ഡി ജനീറോ: ബ്രസീലിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ലുല ദ സിൽവയുമായി ഇന്ന് ചർച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേല്പ് നൽകി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഈ അംഗീകാരം നൽകുന്നത്.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ അൽവൊറാഡാ കൊട്ടാരത്തിൽ രാവിലെ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപ് നൽകും. ബ്രസീൽ സന്ദർശനത്തിനു ശേഷം ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒരു മണിക്ക് പ്രധാനമന്ത്രി നമീബിയയിലേക്ക് തിരിക്കും. ഇന്നലെ ബ്രിക്സ് ഉച്ചകോടിയിൽ ഒരു ലോകം ഒരു ആരോഗ്യം എന്ന നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടു വച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും പരസ്പര സഹകരണം കൂട്ടണമെന്നും അറിവുകൾ കൈമാറണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.