Asianet News MalayalamAsianet News Malayalam

Prince Andrew : ബ്രിട്ടീഷ് രാജകുമാരന്‍ ആഡ്രൂവിന്റെ എല്ലാ രാജകീയ സൈനിക പദവികളില്‍ നിന്നും നീക്കി

 അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ നീക്കം.

Prince Andrew loses military titles and patronages
Author
London, First Published Jan 13, 2022, 11:28 PM IST

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്‍റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. എലിസബത്ത് രജ്ഞിയാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ നീക്കം.

എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ. 'രജ്ഞിയുടെ സമ്മതത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ (ആന്‍ഡ്രൂവിന്‍റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി' - ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും, തന്‍റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും പ്രസ്താവന പറയുന്നു.

ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. 

എപ്‌സ്റ്റൈനും ആൻഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചശേഷം പരാതിയില്‍ നടപടി ആവശ്യമില്ലെന്നു തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് പൊലീസ് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് വിര്‍ജീനയ്ക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios