Asianet News MalayalamAsianet News Malayalam

വിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ; താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക

ഹാരി, നിങ്ങൾ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാൻ നേതാവ് ട്വീറ്റ് ചെയ്തു

Prince Harry biography fire new row Taliban protest UK keeps mum
Author
First Published Jan 7, 2023, 6:57 AM IST

ലണ്ടൻ\കാബൂൾ: ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്ത്. ഹാരി കൊന്നു തള്ളിയവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. ഹാരിയുടെ പുസ്തകം ബ്രിട്ടനിൽ വിവാദ കൊടുങ്കാറ്റ് ഉയർത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്.

ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകൻ ഹാരി, 42ാം വയസിൽ 'സ്പെയർ' എന്ന പുസ്തകത്തിലൂടെ ഉയർത്തിവിട്ടിരിക്കുന്നത് ബ്രിട്ടനിൽ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാൻകാരെ താൻ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഈ പരാമർശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാൻ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങൾ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാൻ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുൻ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകൾ നിറഞ്ഞ പുസ്തകം മറ്റന്നാൾ ആണ് വിപണിയിലെത്തുന്നത്. ഇതിനകം പുറത്തുവന്ന ഭാഗങ്ങളിൽ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്. ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കൽ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി. വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തിൽ പറയുന്നു.

കൊക്കെയ്ന്‍ 17-ാം വയസില്‍ ഉപയോഗിച്ചുനോക്കിയതായും ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ രാഞ്ജി കാമിലയെ വിവാഹം ചെയ്യരുതെന്ന് താനും വില്യമും ചാള്‍സിനോട് അപേക്ഷിച്ചിരുന്നു. എന്നാൽ ചാൾസ് ആ അഭ്യർത്ഥന തള്ളി. ഹാരി തന്റെ മകൻ തന്നെയാണോ എന്ന് ചാൾസ് രാജാവ് സംശയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഡയാന രാജകുമാരിക്ക് മേജർ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചായിരുന്നു ചാൾസ് രാജാവിന്റെ കുത്തുവാക്കുകൾ. 

പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ വിവാദം ആളിക്കത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. 2018 ൽ രാജപദവികൾ ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോൾ കാലിഫോർണിയയിൽ ആണ് ജീവിതം.
 

Follow Us:
Download App:
  • android
  • ios