രൂക്ഷമായ വൈദ്യുതി, ഭക്ഷ്യ ക്ഷാമത്തെ തുടർന്ന് ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ആക്രമിച്ചു. നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കത്തിനെതിരായ ദേഷ്യം മനസ്സിലാക്കുന്നുവെന്നും എന്നാൽ അക്രമങ്ങൾ ശിക്ഷിക്കപ്പെടുമെന്നും പ്രസിഡന്റ് മിഗുവൽ ഡയസ് പ്രതികരിച്ചു.

ഹവാന: മധ്യ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ആക്രമിച്ചതായി സർക്കാർ പത്രം റിപ്പോർട്ട് ചെയ്തു. യുഎസ് എണ്ണ ഉപരോധം കാരണം രൂക്ഷമായ വൈദ്യുതി തടസ്സങ്ങളെ തുടർന്നാണ് പ്രക്ഷോഭകർ പാർട്ടി ഓഫിസിന് നേരെ ആക്രമമഴിച്ചുവിട്ടത്. വൈദ്യുതി മുടക്കത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരെ വെള്ളിയാഴ്ച വൈകുന്നേരം മൊറോൺ നഗരത്തിൽ സമാധാനപരമായി ആരംഭിച്ച റാലി ശനിയാഴ്ച പുലർച്ചെ അക്രമാസക്തമായതായി ഇൻവാസർ പത്രം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

പാർട്ടി ഓഫിസിന് നേരെയുള്ള ആക്രമണം ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് സ്ഥിരീകരിച്ചു. നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കത്തിനെതിരായ ദേഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും എന്നാൽ, നശീകരണ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ സഹായിയായ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ പിടികൂടിയതിനുശേഷം അമേരിക്ക ക്യൂബയ്‌ക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ക്യൂബയിലേക്കുള്ള വെനിസ്വേലൻ എണ്ണ കയറ്റുമതി നിർത്തിവച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന ഏതൊരു രാജ്യത്തിനും മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. 

അമേരിക്കൻ ഉപരോധം കാരണം ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ ക്ഷാമം ക്യൂബ നേരിടുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി വാഷിംഗ്ടണുമായി ചർച്ചകൾ ആരംഭിച്ചതായി ക്യൂബൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.