ലാ പാസ്: ബൊളിവിയയിലെ ചെറു നഗരത്തിലെ മേയര്‍ക്ക് നേരെ ആക്രമണം. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടെയാണ് നഗരത്തിന്‍റെ മേയര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചെരുപ്പിടാതെ നഗരത്തിലൂടെ മേയറെ വലിച്ചിഴച്ച പ്രതിഷേധകര്‍ അവരുടേ മേല്‍ ചുവന്ന മഷി ഒഴിക്കുകയും ബലപ്രയോഗത്തിലൂടെ മുടി മുറിച്ചുകളയുകയും ചെയ്തു. വിവാദമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നടക്കുന്ന കലാപ പരമ്പരകളിലെ ഏറ്റവും ഒടിവിലത്തേതാണ് ഇത്. മൂന്ന പേര്‍ ഇതുവരെ പ്രതിഷേധങ്ങളില്‍ മരിച്ചു. 

ഒക്ടോബര്‍ 20 ന് നടന്ന തെരഞ്ഞെടുപ്പിനോടുള്ള വിയോചിപ്പായി വിന്‍റോയിലെ പാലങ്ങളിലൊന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുനന്തിനിടെ പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ അനുയായികള്‍ പ്രതിപക്ഷ പ്രതിഷേധകരില്‍ രണ്ടുപേരെ കൊന്നതായാണ് സൂചന. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ ഭരിക്കുന്ന പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട മേയര്‍ പാട്രീഷ്യ അര്‍സിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധകര്‍ ആക്രമണം അഴിച്ചുവിട്ടത്. 'കൊലപാതകി കൊലപാതകി' എന്ന് വിളിച്ചാണ് മേയറെ പ്രതിഷേധകര്‍ തെരുവിലൂടെ വലിച്ചിഴച്ചത്. 

ബലപ്രയോഗത്തിലൂടെ അഴിസിനെക്കൊണ്ട് രാജിക്കത്തില്‍ ഒപ്പുവപ്പിക്കുകയും ചെയ്തു. പൊലീസിന് കൈമാറിയ ആഴ്സിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്സിന്‍റെ ഓഫീസ് കത്തിക്കുകയും ജനലകുകള്‍ തകര്‍ക്കുകയും ചെയ്തു. 20 വയസ്സുള്ള വിദ്യാര്‍ത്ഥി ലിംബര്‍ട്ട് ഗുസ്മാന്‍ വാസ്ക്വസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തലച്ചോറ് ചിതറിയാണ് ഗുസ്മാന്‍ മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഒക്ടോബര്‍ 20 ന് ആരംഭിച്ച പ്രതിഷേധത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തയാണാ ഗുസ്മാന്‍. 

ഫലം പുറത്തുവരാനിരുന്ന ദിവസം വോട്ടെണ്ണല്‍  24 മണിക്കൂര്‍ നിര്‍ത്തിവച്ചപ്പോള്‍ മുതലാണ് ബൊളീവിയയില്‍ പ്രതിഷേധ സ്വരമുയര്‍ന്നുതുടങ്ങിയത്. വോട്ടെണ്ണല്‍ നിര്‍ത്തിവച്ചത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കാര്‍ലോസ് മെസയുടെ അനുയായികളില്‍ സംശയമുയര്‍ത്തി. 2006 മുതല്‍ ബൊളീവിയന്‍ ഭരണത്തില്‍ തുടരുന്ന മൊറാലസിന് ഒരു അഞ്ച് വര്‍ഷം കൂടി നീട്ടിക്കിട്ടാനാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതോടെ രാജ്യത്തെ നഗരങ്ങളിലെല്ലാം പ്രതിഷേധം ആളിക്കത്തുകയാണ്.