ബീജിംഗ്: സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികമാഘോഷിക്കുന്ന ചൈനയുടെ ഒരു പങ്ക്, ഹോങ്‍കോങ്, സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്. എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‍കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. തെരുവുകൾ യുദ്ധക്കളമായി. ജനക്കൂട്ടത്തിന് നേരേക്ക് പൊലീസ് വെടിയുതിർത്തു. ഒരു ചൈനാവിരുദ്ധ പ്രതിഷേധക്കാരന് നെഞ്ചിൽ വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മറ്റ് ചില പ്രതിഷേധക്കാർക്ക് റബ്ബർ ബുള്ളറ്റുകൾ കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ഇത്രയും കാലം പ്രതിഷേധം കൊണ്ട് ഹോങ്‍കോങിന്‍റെ തെരുവുകൾ കലാപമയമായപ്പോഴും പൊലീസ് അവർക്ക് നേരെ തോക്കുകളുപയോഗിച്ച് വെടിയുതിർത്തിരുന്നില്ല. 

'ഒരൊറ്റ രാജ്യം' എന്ന ചൈനീസ് പ്രസിഡന്‍റ് സീ ജിങ്‍പിങിന്‍റെ പ്രഖ്യാപിതനയത്തെ ഒരിക്കലും ഹോങ്‍കോങ് അനുകൂലിച്ചിരുന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയിൽ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി ഹോങ്‍കോങ് മാറിയതും. 

കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മേഖലയിൽ പതാകയുയർത്തൽ ചടങ്ങൾ ഉൾപ്പടെ നടന്നിരുന്നു. ബീജിംഗിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷണിക്കപ്പെട്ട 12,000 കാണികളുടെ മുന്നിൽ ചൈന സ്വന്തം സൈനിക ശക്തിയുടെ ഔന്നത്യം പ്രകടമാക്കി. 30 മിനിറ്റ് കൊണ്ട് അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള, എട്ട് ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള മിസൈലടക്കം അണിനിരത്തി ശക്തിപ്രഖ്യാപനം. 

 

'ദു:ഖത്തിന്‍റെ ദിനം'

എന്നാൽ ഹോങ്‍കോങിലെ ജനങ്ങളിതിനെ 'ദുഃഖത്തിന്‍റെ ദിന'മെന്നാണ് വിളിച്ചത്. മധ്യ ഹോങ്‍കോങിലെയും മറ്റ് ആറ് ജില്ലകളിലെയും ജനങ്ങൾ തെരുവിലിറങ്ങി. പലയിടത്തും റോഡുകളുപരോധിച്ചു. പൊലീസ് ഇതിനെ ശക്തമായി നേരിട്ടു. 

സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ചിലയിടത്ത് സമരക്കാർ തിരികെ പെട്രോൾ ബോംബുകളെറിഞ്ഞു. 31 പേർക്ക് അക്രമങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്. രണ്ട് പേർക്ക് നെഞ്ചിൽ വെടിയേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലാണ്. 

അക്രമങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു തുടങ്ങി. പെട്രോൾ ബോംബുകളടക്കം എറിയുന്ന സമരക്കാർക്ക് നേരെ വെടിയുതിർക്കുകയാണ് പൊലീസ് ചെയ്യുന്നത്. റബ്ബർ ബുള്ളറുകളും, ടിയർ ഗ്യാസും ജലപീരങ്കിയും സമരക്കാർക്ക് നേരെ പ്രയോഗിക്കുന്നു.

തിരിച്ചടിക്കാൻ ബാരിക്കേഡുകൾക്ക് തീ കൊളുത്തുകയാണ് പ്രതിഷേധക്കാർ. പലരെയും റോഡിലിട്ട് പൊലീസ് കീഴ്‍പ്പെടുത്തുന്നത് കാണാം. പലരും ചോരയിൽ കുളിച്ച അവസ്ഥയിലാണ്. 

 

 

 

 

ഹോങ്‍കോങിലെ 15 മെട്രോ സ്റ്റേഷനുകളും നിരവധി ഷോപ്പിംഗ് സെന്‍ററുകളും അടച്ചിട്ട നിലയിലാണ്. ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. 

എന്തുകൊണ്ട് പ്രതിഷേധങ്ങൾ?

ചൈനയുടെ ഭാഗമാണ് 1997 മുതൽ ഹോങ്‍കോങ്. പക്ഷേ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയാണ്. പ്രത്യേകഭരണമാണ്. പ്രത്യേക നിയമവ്യവസ്ഥയും. 'ഒരു രാജ്യം, രണ്ട് ഭരണവ്യവസ്ഥ' എന്നതായിരുന്നു നയം. 

എന്നാൽ ഇതിനെതിരെ ശക്തമായ നിലപാട് ചൈനീസ് ഭരണകൂടം സ്വീകരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഹോങ്‍കോങിന്‍റെ ഭരണവ്യവസ്ഥയിൽ ബീജിംഗ് കൈ കടത്തുന്നുവെന്ന ആരോപണങ്ങൾ ശക്തമായി. ഹോങ്‍കോങ് ഭരണാധികാരി കാരി ലാം "ചൈനയുടെ കളിപ്പാവ''യാണെന്ന ആരോപണമുയർന്നു. ഇതിന്‍റെ പ്രധാന ഉദാഹരണമായിരുന്നു കുപ്രസിദ്ധമായ കുറ്റവാളിക്കൈമാറ്റ ബില്ല്. ഹോങ്‍കോങിലെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ 'കുറ്റവാളി'കളായ രാജ്യദ്രോഹികളെ ചൈനയ്ക്ക് കൈമാറാമെന്നതായിരുന്നു ഈ ബില്ല്. സ്വാതന്ത്ര്യസമരസേനാനികളെ ചൈനയ്ക്ക് നാടുകടത്താനും തടവിലിടാനുമുള്ള അവസരമാണിതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ചൈനാ വിരുദ്ധർ തെരുവിലിറങ്ങി. ഒടുവിൽ ജനരോഷം ഭയന്ന് കാരി ലാം ബില്ല് പിൻവലിച്ചു.

എല്ലാ വർഷവും ഹോങ്‍കോങിൽ ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറാറുള്ളതാണ്. ഈ വർഷം പ്രക്ഷോഭത്തിൽ അണിനിരന്നത് ആയിരക്കണക്കിന് പേരാണ്. കഴിഞ്ഞ നാല് മാസമായി സമരത്തിനെത്തിയത് ലക്ഷക്കണക്കിന് പേരാണെന്നാണ് കണക്ക്.