Asianet News MalayalamAsianet News Malayalam

Omricon: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരൻമാർക്ക് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി

ഒമിക്രോൺ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീൻ വികസിപ്പിക്കാൻ ഫൈസർ ശ്രമം തുടങ്ങിയതായി കമ്പനി മേധാവി.

Pszifer chief says world nations need to vaccinate their citizen every year for covid prevention
Author
New York, First Published Dec 2, 2021, 7:39 PM IST

ന്യൂയോർക്ക്: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരന്മാർക്ക് കോവിഡ്  വാക്സീൻ (Covid vaccine) നൽകേണ്ടി വരുമെന്ന് ഫൈസർ (Pfizer) മേധാവി ഡോക്ടർ ആൽബർട്ട് ബോർല. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ആൽബർട്ട് ബോർലയുടെ സുപ്രധാന അറിയിപ്പ്.  ഉയർന്ന പ്രതിരോധ ശേഷി സമൂഹത്തിൽ ഉണ്ടാകണമെങ്കിൽ എല്ലാ വർഷവും ജനങ്ങൾക്ക് വാക്സീൻ നൽകേണ്ടി വരും.  ബ്രിട്ടൻ ഇതിനോടകം രണ്ടു വർഷത്തേക്കുള്ള വാക്സീൻ സംഭരിച്ചു കഴിഞ്ഞുവെന്നും ആൽബർട്ട് ബോർല പറഞ്ഞു. 

ഒമിക്രോൺ വകഭേദത്തെക്കൂടി പ്രതിരോധിക്കുന്ന വാക്സീൻ വികസിപ്പിക്കാൻ ഫൈസർ ശ്രമം തുടങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി.  എല്ലാ വർഷവും വാക്സീൻ എന്ന  അഭിപ്രായവുമായി അമേരിക്കൻ ആരോഗ്യ ഡയറക്റ്റർ ആന്റണി ഫൗച്ചിയും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് വൈറസിന് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ വർഷവും വാക്സീൻ വേണ്ടി വരുമെന്ന്  ഫൗച്ചി സിഎൻഎൻ ചാനിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അതേസമയം ലോകത്ത് ഒമിക്രോണ് വൈറസ് സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമായി ഇന്ത്യ.ഇന്ത്യയിൽ  ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് വൈറസ് സ്ഥീരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടിയിൽ വന്ന  എല്ലാവരെയും നീരീക്ഷണത്തിലാക്കിയെന്നും  ഇതിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും അരോഗ്യമന്ത്രാലയം അറിയിച്ചു. 

ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ഒരാൾക്കും ഒരു ആരോഗ്യപ്രവർത്തകനുമാണ്  പുതിയ വകഭേദം കണ്ടെത്തിയത്. 66ഉം 46ഉം വയസ്സുള്ള  പുരുഷന്മാർക്കാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്രം അറിയിച്ചു.  ഇവർ തമ്മിൽ സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ  അറിയിച്ചു. രോഗം വന്ന 66 കാരൻ കൊവിഡ് നെഗറ്റീവായതിനു പിന്നാലെ കഴിഞ്ഞമാസം 27 ന് ദുബായിലേക്ക് പോയി. 

അതെസമയം  നാൽപത്തിയാറ്കാരൻനറെ സമ്പർക്കപട്ടികയിൽ അഞ്ച് പേർ പോസ്റ്റീവാണ്. ഇവർ ഉൾപ്പെടെ  ഒമിക്രോൺ സംശയിക്കുന്ന പത്തു പേരുടെ  കൂടി പരിശോധനഫലം  വരാനുണ്ട്.  ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും  കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. നിലവിൽ രോഗം കണ്ടെത്തിയവരിൽ ഗുരുതര ലക്ഷണങ്ങളില്ല. ഹൈറിക്സ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ രോഗം സ്ഥീരീകരിച്ച എല്ലാവരുടെയും ഫലങ്ങൾ ജനതിക ശ്രണീകരണത്തിന് വിടാൻ കർശന നിർദ്ദേശമുണ്ട്. സംസ്ഥാനങ്ങളിൽ പരിശോധന കർശനമാക്കാനാണ് നിർദ്ദേശം. 

ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തു. പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി.  കൊവിഡ് പരിശോധന, വിമാനത്താവളങ്ങളിലെ നിരീക്ഷണ സംവിധാനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ആരോഗ്യമന്ത്രി വിളിച്ച യോഗത്തില്‍ ചർച്ച നടന്നത്. 

വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കു വേണ്ടി യാത്രികര്‍ക്ക് ഏറെ സമയം കാത്തിരിക്കേണ്ടിവരുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഒമിക്രോൺ സ്ഥീരീകരിച്ച സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ നടപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി. .ആർടിപിസിആർ പരിശോധനകൂട്ടാൻ സംസ്ഥാനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു.  

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഉൾപ്പെടെ എത്തിയ പത്തു പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.  കൊവിഡ് സാഹചര്യത്തെ കുറിച്ച് ലോക്സഭയിലും ചർച്ചയുണ്ടായി. ഒമിക്രോൺ ആശങ്കയിലാണ് അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള  നിയന്ത്രങ്ങൾ  നീട്ടിയതെന്ന് കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ അറിയിച്ചു. ഒമീക്രോണ് ഭീഷണി മുൻനിർത്തി  മഹാരാഷ്ട്ര, ദില്ലി,കർണാടക സംസ്ഥാനങ്ങൾക്ക് പിന്നാലെ യുപിയും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 

അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 

ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. ഉയര്‍ന്ന റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിന്‍ എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ സജ്ജമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കും. ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാല്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തില്‍ കൂടുന്നത് തടയാനാണ് ശ്രമിച്ചത്.

വാക്‌സിനേഷന്‍ പ്രതിരോധം നല്‍കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 96.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 65.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക എന്നിവ കുറേക്കൂടി ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios