അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചു. നവംബർ പത്തിന് അബുദാബിയിൽ വെച്ചായിരിക്കും അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ നടക്കുക. റഷ്യയിൽ തടവിലായിരുന്ന അമേരിക്കൻ പൗരനെ മോചിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സെൻ്റ് പീറ്റേഴ്‌സ്‌ബർഗ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടുത്ത മാസം ആരംഭിക്കും. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് അവസാനം കാണാനുള്ള ചർച്ചകൾ തുടരാൻ പുടിൻ സമ്മതം അറിയിച്ചത്.

പുടിനും സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നടന്ന ഒൻപതാമത് ചർച്ചയിലാണ് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്ക് ധാരണയായത്. ഇതിന് പുറമെ, റഷ്യയിൽ തടവിലാക്കപ്പെട്ടിരുന്ന അമേരിക്കൻ പൗരനും അധ്യാപകനുമായ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിക്കാൻ തീരുമാനിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു സ്റ്റീഫൻ ഹബ്ബാർഡിൻ്റെ മോചനം. ഇത് സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള റഷ്യയുടെ സൗഹൃദ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിൽ അവസാനിപ്പിക്കുമെന്ന് തൻ്റെ തെരഞ്ഞെടുപ്പ് സമയത്ത് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷമായിട്ടും യുദ്ധം തുടരുകയാണ്. ഇതിനിടയിലാണ് കാര്യങ്ങൾ ചർച്ചകളിലേക്ക് നീങ്ങുന്നത്. ഇതിനിടെ യുക്രെയ്‌ന് നൽകിവന്നിരുന്ന സഹായങ്ങൾ അമേരിക്ക കുറച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.

റഷ്യയും യുക്രെയ്‌നും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തുന്ന സമാധാന ചർച്ചകൾക്ക് അബുദാബി വേദിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നവംബർ 10-നോ അതിന് ശേഷമോ ചർച്ചകൾ പുനരാരംഭിച്ചേക്കും. ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഫെബ്രുവരിയിലാണ് മൂന്ന് രാജ്യങ്ങളും തമ്മിൽ അവസാനമായി ചർച്ചകൾ നടന്നത്. കഴിഞ്ഞ ദിവസം ഓസ്‌ലോയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്‌കി, ഫിൻലൻ്റ്, നോർവേ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ യൂണിയൻ്റെയും നാറ്റോയുടെയും പ്രതിനിധികളും സ്റ്റീഫ് വിറ്റ്കോഫുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ യുക്രെയ്ൻ മുന്നോട്ടുവെച്ചിരുന്നു. ഈ നിർദേശങ്ങൾ പിന്നീട് പുടിനുമായി നടന്ന ചർച്ചയിൽ സ്റ്റീവ് വിറ്റ്കോഫ് പങ്കുവെച്ചു. ഇരു നേതാക്കളും തമ്മിൽ മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് സമാധാന ചർച്ച പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനമായത്.