ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഉഗ്ര സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കൈവ് (ഉക്രെയ്ൻ) : ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ യുക്രൈനമെ കുറ്റപ്പെടുത്തി റഷ്യ. ഭീകരപ്രവർത്തനം എന്നാണ് സംഭവത്തെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ താൻ നിയോഗിച്ച അന്വേഷണ സമിതി തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പുടിൻ. 

അതേസമയം, തെക്കൻ യുക്രേനിയൻ നഗരത്തിൽ ഞായറാഴ്ചയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തെ യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അപലപിച്ചു. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടും. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 

ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഉഗ്ര സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകുന്നതിനിടെ പാലം തകർന്നത് റഷ്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാ​ഗം തകർന്നു. സ്ഫോടന ദൃശ്യങ്ങളും പ്രചരിച്ചു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നാണ് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. പാലം തകർന്നത് യുദ്ധത്തിൽ റഷ്യക്ക് കനത്ത തിരിച്ചടിയാണെന്നതിന്റെ തെളിവാണ് പുട്ടിന്റെ 'ഭീകരാക്രമണ'മെന്ന പ്രതികരണം. പാലത്തിലൂടെ സഞ്ചരിച്ച ഇന്ധനം നിറച്ച ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. 

ഒക്ടോബർ ആദ്യം മുതൽ, റഷ്യയുടെ അതിർത്തി പ്രദേശത്ത് യുക്രേനിയൻ സായുധ സംഘങ്ങളിൽ നിന്നുള്ള ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്ന് അതിർത്തി സുരക്ഷയുടെ ഉത്തരവാദിത്തമുള്ള റഷ്യയുടെ എഫ്ബിഎസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളായ ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നടന്ന നൂറിലധികം പീരങ്കി ആക്രമണങ്ങളിൽ വീടുകളും, ഭരണനിർവഹണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും തകർന്നതായി പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുക്രൈനിൽ നിന്നുള്ള ആക്രമണത്തിൽ അതിർത്തിയിലെ ഗാർനാൽസ്‌കി സെന്റ് നിക്കോളാസ് ആശ്രമത്തിൽ തീപിടുത്തമുണ്ടായതായി കുർസ്ക് മേഖലയുടെ ഗവർണർ റോമൻ സ്റ്റാറോവൈറ്റ് പറഞ്ഞു. കെട്ടിടം തകർന്നെങ്കിലും പെട്ടെന്ന് തീ അണച്ചതിനാൽ ആർക്കും പരിക്കില്ല, നാശനഷ്ടങ്ങളുടെ ഫോട്ടോകൾ അദ്ദേഹം ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു. 

റഷ്യക്ക് വൻ തിരിച്ചടി, തകർന്നത് യൂറോപ്പിലെ ഏറ്റവും വലിയ പാലം

സ്ഫോടനത്തിനു പിന്നിൽ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടു ചെയ്തു. സ്ഫോടനം അന്വേഷിക്കാൻ റഷ്യ നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചു. തെക്കൻ റഷ്യയിലെ കുബൻ പ്രദേശവാസിയാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടന സമയം പാലത്തിലൂടെ സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് ആക്രമണമുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 2018 ൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് പാലം നിർമിച്ചത്.

റഷ്യൻ സൈനികർക്ക് യുദ്ധസാമഗ്രികൾ എത്തിക്കുന്നതിൽ ഏറെ നിർണായകമായിരുന്നു ഈ പാലം. ഏറെ സുരക്ഷയോടെ നിർമിച്ച പാലമാണെന്നായിരുന്നു റഷ്യയുടെ അവകാശ വാദം. സൈനികർക്കും നാവികർക്കും അവശ്യസാധനങ്ങൾ എത്തിക്കുന്ന പാലത്തിലുണ്ടായ സ്ഫോടനം റഷ്യൻ സൈന്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 400 കോടി ഡോളർ ചെലവിൽ 18 കിലോമീറ്റർ നീളത്തിലാണ് പാലം നിർമിച്ചത്. യൂറോപ്പിലെ ഏറ്റവും വലിയ പാലമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. 

Read More : റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്താൻ ആവശ്യമുയർന്നു, അങ്ങനെയാണ് അന്നത് ചെയ്തത്; യുക്രൈൻ പ്രതിസന്ധിയിൽ ജയശങ്കർ