മോസ്കോ: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുട്ടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച തുടങ്ങി. അമേരിക്കയുമായി ഉന്‍ നടത്തിയ രണ്ട് ചര്‍ച്ചകള്‍ പരാജയപ്പെടുകയും മൂന്നാം ചര്‍ച്ച മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പിന്തുണ തേടി റഷ്യയുമായി ചര്‍ച്ച നടത്തുന്നത്. തീരനഗരമായ വ്ലാദിവോസ്ടോകാണ് കൂടിക്കാഴ്ചക്ക് വേദിയാകുന്നത്. 

ആണവവിഷയങ്ങളിലടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയയുടെ നിലപാടിന് റഷ്യന്‍ പിന്തുണ ഉറപ്പാക്കുകയാണ് ഉന്‍ ലക്ഷ്യമിടുന്നത്. കൂടിക്കാഴ്ച്ചക്കായി ഉന്‍ ബുധനാഴ്ച റഷ്യയിലെത്തിയിരുന്നു. ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യയിലുള്ള ഉത്തരകൊറിയന്‍ തൊഴിലാളി പ്രശ്നവും ഭക്ഷ്യക്ഷാമവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. 2017ല്‍ യുഎന്‍ ഉപരോധം നടപ്പാക്കിയതോടെ ഉത്തരകൊറിയയില്‍നിന്ന് തൊഴില്‍തേടി റഷ്യയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഏകദേശം 10000 ഉത്തരകൊറിയന്‍ തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. നേരത്തെ 50000 തൊഴിലാളികളുണ്ടായിരുന്നു. കിമ്മിന്‍റെ സന്ദര്‍ശനത്തോടെ തൊഴിലാളികളുടെ എത്തുന്നത് വര്‍ധിക്കുമെന്ന് ദിമിത്രി സുരാവ്ലേവ് പറഞ്ഞു. ഭക്ഷ്യ ദൗര്‍ലഭ്യം വലയ്ക്കുന്ന ഉത്തരകൊറിയയ്ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കാന്‍ റഷ്യ തയാറായേക്കും. 

ലോകരാജ്യങ്ങള്‍ക്കുമേലുള്ള അമേരിക്കയുടെ പിടി അയയ്ക്കാനായിരിക്കും ചര്‍ച്ചയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ഇതര രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തുന്ന ഉപരോധങ്ങളിലും നിയന്ത്രണങ്ങളിലും പുട്ടിന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. കടുത്ത ഉപരോധത്തില്‍ വലയുന്ന ഉത്തരകൊറിയ ചൈന, ദക്ഷിണ കൊറിയ, യുഎസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് റഷ്യയുമായുള്ള കൂടിക്കാഴ്ച്ച.