ട്രംപ് ഒരു രാജ്യത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും, രാഹുൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ വിമാനമാണ് വീണതെന്ന് ഉറപ്പിക്കുന്നതെന്നും ബി ജെ പി നേതാവ് അമിത് മാളവ്യ ചോദിച്ചു
ദില്ലി: ഇന്ത്യ - പാക് സംഘർഷത്തിനിടെ 5 യുദ്ധവിമാനങ്ങൾ തകർന്നെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിലെ യാഥാർത്ഥ്യം എന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മോദിജി സത്യം പറയണമെന്നും രാജ്യത്തിന് ഇതേകുറിച്ചറിയാൻ അവകാശമുണ്ടെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ട്രംപിന്റെ പ്രസ്താവന പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. പിന്നാലെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തി. ട്രംപ് ഒരു രാജ്യത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും, രാഹുൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ വിമാനമാണ് വീണതെന്ന് ഉറപ്പിക്കുന്നതെന്നും ബി ജെ പി നേതാവ് അമിത് മാളവ്യ ചോദിച്ചു.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ അഞ്ച് വിമാനങ്ങൾ തകർന്നെന്ന അവകാശവാദവുമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തിയത്. സംഘർഷം താനാണ് നിർത്തിയതെന്ന് റിപ്പബ്ലിക്കൻ എം പിമാരുമായി നടത്തിയ കൂടികാഴ്ചയിൽ ട്രംപ് വീണ്ടും അവകാശപ്പെട്ടു. ടി ആർ എഫിനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചത് ഇന്ത്യ സ്വാഗതം ചെയ്ത ശേഷമാണ് ട്രംപിന്റെ നിലപാടിൽ വീണ്ടും ചാഞ്ചാട്ടം കാണുന്നത്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ ലഷ്കർ ഇത്വയ്ബയുടെ പങ്ക് അമേരിക്ക കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ലഷ്കർ ഇ ത്വയ്ബയ്ക്കായി ജമ്മു കാശ്മീരിൽ ആക്രമണങ്ങൾ നടത്തുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ടി ആർ എഫിനെ ഭീകര സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി കിട്ടണം എന്ന ഡോണൾഡ് ട്രംപിന്റെ നയമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. യു എസ് നിലപാട് ഇന്ത്യ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത് നേട്ടമാണെങ്കിലും, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന അവകാശവാദങ്ങൾ കേന്ദ്രസർക്കാറിന് തിരിച്ചടിയാവുകയാണ്. സംഘർഷം നിർത്തിയത് താനാണെന്ന് ഇരുപത്തിനാല് തവണ ട്രംപ് ഇതിനകം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഒരു പടികൂടി കടന്ന് സംഘർഷത്തിൽ 5 യുദ്ധവിമാനങ്ങൾ തകർന്നു എന്നാണ് ട്രംപ്, റിപ്പബ്ലിക്കൻ എംപിമാരെ അറിയിച്ചത്. ഈ വിവരം എവിടുന്ന് കിട്ടിയെന്നോ, ആരുടെ വിമാനങ്ങളാണ് തകർന്നതെന്നോ ട്രംപ് വ്യക്തമാക്കിയില്ല. ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തുവെന്ന് നേരത്തെ പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. വിമാനം വീണു എന്ന് സംയുക്ത സൈനിക മേധാവി ലഫ്. ജനറൽ അനിൽ ചൗഹാനും ഒരു വിദേശമാധ്യമത്തോട് സമ്മതിച്ചിരുന്നു. ഇതിന്റെ കണക്ക് ചോദിക്കാൻ കോൺഗ്രസ് പാർലമെന്റിൽ തയാറെടുക്കുമ്പോഴാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ചർച്ചയാവുന്നത്. ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മൗനത്തിലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ് വച്ചെന്നും എ ഐ സി സി എക്സിൽ കുറിച്ചു. എന്നാൽ ബി ജെ പി ഇതിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് രംഗത്തെത്തിയിട്ടുണ്ട്.
