മധ്യ മെക്സിക്കോയിലെ കൊള്ള സംഘവുമായി ബന്ധപ്പെട്ട് 32 പേർ പിടിയിലായതിന് പിന്നാലെയാണ് വലിയ രീതിയിൽ മോഷണം പോയ ഇന്ധനം കണ്ടെത്തുന്നത്
മെക്സിക്കോ സിറ്റി: രണ്ട് ട്രെയിനുകളിൽ നിന്നായി കടത്തിയ 4 ദശലക്ഷം ഗാലൻ ഇന്ധനം പിടിച്ചെടുത്തു. ടെക്സാസ് അതിർത്തിയിൽ ഉപേക്ഷിച്ച ട്രെയിനിൽ നിന്നായി മോഷ്ടിച്ച ഡീസലും പെട്രോളിയം ഉത്പന്നങ്ങളുമാണ് കണ്ടെത്തിയതെന്നാണ് മെക്സിക്കോ തിങ്കളാഴ്ച വിശദമാക്കിയത്. മധ്യ മെക്സിക്കോയിലെ കൊള്ള സംഘവുമായി ബന്ധപ്പെട്ട് 32 പേർ പിടിയിലായതിന് പിന്നാലെയാണ് വലിയ രീതിയിൽ മോഷണം പോയ ഇന്ധനം കണ്ടെത്തുന്നത്.
കൊവാഹൂയിലെ റാമോസ് അരിസ്പ്, സാൾട്ടിലോ നഗരങ്ങളിൽ നിന്നാണ് റെയിൽ വേ ടാങ്കറുകൾ കണ്ടെത്തിയതെന്നാണ് മെക്സിക്കോ സുരക്ഷാ സെക്രട്ടി ഒമർ ഗാർസിയ ഹർഭൂച്ച് വിശദമാക്കിയത്. എന്നാൽ എവിടെ നിന്ന് കൊണ്ട് വന്ന ഇന്ധനമാണ് കണ്ടെത്തിയതെന്നോ എവിടേക്കാണോ കൊണ്ടുപോയിരുന്നതെന്നോ കഴിഞ്ഞ ആഴ്ചയിൽ അറസ്റ്റിലായ സംഘവുമായി ബന്ധപ്പെട്ടാണോ ഇന്ധന കൊള്ളയെന്ന് ഒമർ ഗാർസിയ ഹർഭൂച്ച് വിശദമാക്കിയില്ല.
വർഷങ്ങളായി വലിയ രീതിയിലാണ് മെക്സിക്കോയിൽ ഇന്ധ കൊള്ള നടക്കുന്നത്. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ പ്രീമെക്സിൽ നിന്ന് വലിയ രീതിയിൽ ഇന്ധനം മോഷണം പോകാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറക്കുമതി തീരുവ നൽകാതെ രാജ്യത്തേക്ക് കള്ളക്കടത്ത് നടത്തുന്നതാണ് ഇവയിൽ ഏറിയ പങ്കും. 2019ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 3.8 ലക്ഷം ഡോളർ വിലവരുന്ന ഇന്ധനം മോഷണം പോയിട്ടുണ്ട്. ഹുവാച്ചികൊൾ എന്നാണ് ഇന്ധന മോഷണത്തെ മെക്സിക്കോയിൽ വിശേഷിപ്പിക്കുന്നത്.
പൈപ്പ് ലൈനുകളിൽ നിന്നും സർവ്വീസ് സ്റ്റേഷനുകളിൽ നിന്നും കടത്തുന്ന ഇന്ധനം തെരുവുകളിലും കാർട്ടലുകൾക്കുമാണ് വിറ്റുപോവുന്നത്. സ്വന്തമായി സർവ്വീസ് സ്റ്റേഷനുകൾ നടത്തുന്നവരും ഇത്തരത്തിൽ മോഷ്ടിച്ച ഇന്ധനം വാങ്ങാറുണ്ട്. ക്ലോഡിയ ഷെയ്ൻബോം പാർഡോ മെക്സിക്കൻ പ്രസിഡന്റായതിന് അധികാരത്തിലേറിയതിന് ശേഷമുള്ള ഏറ്റവും വലിയ ഇന്ധന കൊള്ള തടയലാണ് ഇതെന്നാണ് മെക്സിക്കോ അധികൃതർ വിശദമാക്കുന്നത്.
