Asianet News MalayalamAsianet News Malayalam

കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ സ്വന്തം ദ്വീപ് വാങ്ങി 'പുതിയ രാജ്യം' ഉണ്ടാക്കി നിത്യാനന്ദ

ഒരു ദേശീയ ഇംഗ്ലീഷ് ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം.

Rape accused Nithyananda Sets Up Kailaasa Island Nation
Author
Ecuador, First Published Dec 3, 2019, 7:47 PM IST

ക്വയ്റ്റോ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറ‌ഞ്ഞിരുന്നത്.

Rape accused Nithyananda Sets Up Kailaasa Island Nation

അതിനിടെയാണ് താന്‍ പരമാധികാര സനാതന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ചാനലാണ് 
 ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം.  രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കി.

കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരം പാസ്പോര്‍ട്ടും പുറത്തിറക്കി. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. എന്നാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് കൈലാസ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍  വെച്ചതിനുമാണ് ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ പ്രവര്‍ത്തനത്തിനായി അനുയായികളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കാനായാണ്  നിത്യാനന്ദ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

Rape accused Nithyananda Sets Up Kailaasa Island Nation

നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യോഗിനി സര്‍വ്വഗ്യപീഠം എന്നാണ് നിത്യാനന്ദയുടെ ആശ്രമത്തിന്‍റെ പേര്. 

Follow Us:
Download App:
  • android
  • ios