വിയറ്റ്നാം: ആണവ നിരായുധീകരണത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയൻ നേതാവ് കി ജോങ്ങ് ഉൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വിയറ്റ്നാമിൽ നടക്കുന്ന ച‌ർച്ചയുടെ രണ്ടാം ദിനത്തിലാണ് കിമ്മിന്‍റെ ഈ പ്രതികരണം. ആണവ നിരായുധീകരണത്തിന് തയ്യാറല്ലായിരുന്നെങ്കിൽ താൻ ഈ ച‌ർച്ചയിൽ പങ്കെടുക്കില്ലായിരുന്നുവെന്നാണ് കിം ജോങ്ങ് ഉൻ പറയുന്നത്. 

നല്ല ഒത്തുചേരലായിരുന്നെന്ന് ഇന്നലെ നടന്ന ചർച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ നടന്നത് സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കൾക്കൊപ്പമുണ്ട്. ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറിൽ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. 

ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ആണവ നിരായുധീകരണം സാധ്യമായാൽ ഉത്തരകൊറിയക്ക് വൻസാമ്പത്തിക ശക്തിയാകാമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരിൽ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതിൽ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകൾ നശിപ്പിക്കുക മാത്രമാണ് വടക്കൻ കൊറിയ ചെയ്തത്. ഈ നടപടിയിൽ വ്യാപക അതൃപ്തി നിലനിൽക്കുന്നുണ്ട്.