ഒരു നഗരത്തെ മുഴുവന്‍ ഭീതിയിലാക്കി യുവാക്കളുടെ ചേരിതിരിഞ്ഞുള്ള അക്രമം. ബിട്ടനിലെ ബര്‍മിംഗ്ഹാം നഗരത്തെയാണ് ഒരു കൂട്ടം യുവാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ക്വീന്‍സ് വേയ്ക്ക് സമീപമുള്ള റോഡിലും കെട്ടിടങ്ങള്‍ക്കും സമീപത്ത് യുവാക്കള്‍ ചേരി തരിഞ്ഞ് പടക്കം പൊട്ടിച്ചതാണ് ആളുകളെ ഭീതിയിലാക്കിയത്. 

ഫ്രാന്‍സിലെ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ശനിയാഴ്ച ഇവിടെ വന്‍ സ്ഫോടന ശബ്ദങ്ങളുണ്ടായത്. എന്താണ് സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ക്കും മനസിലായില്ല. റോഡില്‍ ഉണ്ടായിരുന്ന കാറുകള്‍ക്ക് നേരെയും സമീപത്തെ കെട്ടിടങ്ങള്‍ക്കും നെരെയും പടക്കം എത്തിയതോടെ സ്ഫോടനമാണോയെന്ന ഭീതിയിലായി ജനം. പൊട്ടിത്തെറി ശബ്ദവും പ്രകാശവുമെല്ലാം കണ്ട് അവശ്യ സേവനങ്ങളേയും പ്രദേശവാസികള്‍ വിളിച്ചുവരുത്തി. 

സ്ഥലത്തെത്തിയ പൊലീസാണ് പടക്കം പൊട്ടിച്ചതാണ് ഭീകരാന്തരീക്ഷമുണ്ടായതിന് പിന്നിലെന്ന് കണ്ടെത്തി. ഈ മേഖലയില്‍ വിവിവധയിടങ്ങളില്‍ സമാനമായ സംഭവമുണ്ടായതാണ് പൊലീസ് ഡെയ്ലി മെയിലിനോട് വിശദമാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കറുപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞ യുവാക്കള്‍ പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 

ചേരി തിരിഞ്ഞ് പടക്കം ഉപയോഗിച്ച് യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ വലിയ അപാര്‍ട്ട്മെന്‍റുകളുടെ ഉയരത്തിലേക്കും പടക്കങ്ങള്‍ വീണതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് പ്രദേശവാസികളുടെ മൊഴിയെടുത്തു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാവാം നടപടിക്ക് പിന്നിലെന്നാണ് സൂചന.