വംശനാശഭീഷണി നേരിടുന്ന അപൂര്‍വ്വയിനം കടലാമകളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു മോന ഖലീല്‍.

ബെയ്‌റൂട്ട്: അപൂര്‍വ്വയിനം ആമകളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രശസ്ത മറൈന്‍ ഇക്കോളജിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയുമായ മോന ഖലീല്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മോന ഖലീല്‍ (77) ചികില്‍സയിലായിരുന്നു. ദക്ഷിണ ലെബനനിലെ ടൈര്‍ നഗരത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇവര്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദക്ഷിണ ലെബനനിലെ തീരപ്രദേശങ്ങളില്‍ വംശനാശഭീഷണി നേരിടുന്ന അപൂര്‍വ്വയിനം കടലാമകളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ച പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു മോന ഖലീല്‍.

1949-ല്‍ നൈജീരിയയിലെ ലാഗോസില്‍ ജനിച്ച മോന, വര്‍ഷങ്ങളോളം വിദേശത്ത് കഴിഞ്ഞ ശേഷമാണ് ലെബനനിലേക്ക് താമസം മാറുന്നത്. 1999-ല്‍ ടൈറിന് സമീപമുള്ള അല്‍-മന്‍സൂരി ബീച്ചില്‍ മുട്ടയിടാന്‍ കയറിയ ഒരു കടലാമയെ കാണാനിടയായതാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്.

തുടര്‍ന്ന്, 2000-ല്‍ വംശനാശഭീഷണി നേരിടുന്ന ലോഗര്‍ഹെഡ്, ഗ്രീന്‍ സീ ഇനത്തില്‍പ്പെട്ട കടലാമകളുടെ സുരക്ഷിതമായ പ്രജനനത്തിനായി അവര്‍ അല്‍ മന്‍സൂരി ബീച്ചില്‍ ഓറഞ്ച് ഹൗസ് എന്ന ഇക്കോ-ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്ലാസ്റ്റിക് മലിനീകരണം, അനധികൃത നിര്‍മ്മാണങ്ങള്‍, മീന്‍പിടുത്ത വലകള്‍ എന്നിവയില്‍ നിന്ന് കടല്‍ ജീവികളെ സംരക്ഷിക്കാനും ലെബനന്‍ തീരങ്ങളിലെ മലിനീകരണത്തിനെതിരെയും അവര്‍ നിരന്തരം ശബ്ദമുയര്‍ത്തി.

മോന ഖലീലിന്റെ മരണം വെറുമൊരു വ്യക്തിയുടെ നഷ്ടമല്ലെന്നും പ്രകൃതിക്കും ജീവനും ലെബനന് ആകെത്തന്നെയും വലിയ നഷ്ടമാണെന്നും സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.