തങ്ങളുടെ ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ വിട്ടയച്ച മ്യാൻമറിന്‍റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി റോയിട്ടേഴ്സ് ഏഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ അഡ്‍ലർ പറഞ്ഞു.
നെയ്‍പിഡോ: ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് മ്യാൻമറിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകർ മോചിതരായി. ഒന്നരവർഷത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷമാണ് റോയിട്ടേഴ്സിലെ മാധ്യമ പ്രവർത്തകരായ വാലോണും ക്യാസോയും സ്വതന്ത്രരായത്.
മ്യാൻമറിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 10 റോഹിcഗ്യനുകൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കവെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇരുവരെയും ജയിലിലടക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നായിരുന്നു ഇവർക്കെതിരെ ചാർത്തിയ കുറ്റം. വിചാരണക്കൊടുവിൽ ഇരുവരെയും ഏഴുവർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു
മാധ്യമപ്രവർത്തകരെ തുറുങ്കിലടച്ച മ്യാൻമർ സർക്കാരിന്‍റെ നടപടിക്കെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധമുയർന്നിരുന്നു. മ്യാൻമർ സർക്കാരിന്‍റേത് അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണും പത്രസ്വാതന്ത്രം അപകടത്തിലാണെന്നും വിമർശനമുയർന്നു.
രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട പൊതുമാപ്പിന്‍റെ ഭാഗമായാണ് ഇപ്പോൾ മാധ്യമപ്രവർത്തകരെ വിട്ടയക്കാൻ മ്യാൻമർ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പൊതുമാപ്പിൽ ആയിരത്തോളം തടവുകാരെ മ്യാൻമർ വിട്ടയച്ചിരുന്നു.
തങ്ങളുടെ ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ വിട്ടയച്ച മ്യാൻമറിന്‍റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി റോയിട്ടേഴ്സ് ഏഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ അഡ്‍ലർ പറഞ്ഞു.
മാധ്യമപ്രവർത്തനം തുടരുമെന്നും എത്രയും പെട്ടെന്ന് തന്നെ ന്യൂസ് റൂമിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു ജയിൽ മോചിതനായ ശേഷമുള്ള ആദ്യ പ്രതികരണത്തിൽ വാ ലോൺ പറഞ്ഞത്.
