കാണാതായ ആളെ അന്വേഷിച്ച് പാര്‍ക്കിലെത്തയവര്‍ക്ക് മൃതദേഹത്തിന് പകരം കണ്ടെത്താനായത് തലയോട്ടിയും ഇയാള്‍ ധരിച്ചിരുന്ന പാന്‍റ്സും മാത്രമായിരുന്നു.

ദക്ഷിണ ആഫ്രിക്ക: ദക്ഷിണ ആഫ്രിക്കയിലെ പാര്‍ക്കില്‍ കണ്ടാമൃഗത്തെ വേട്ടയാടാനെത്തിയ ആളെ ആന കൊന്നു, മൃതദേഹം സിംഹം തിന്നു. ക്രുഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം. കൊല്ലപ്പെട്ട ആളുടെ തലയോട്ടിയും പാന്‍റ്സും മാത്രമാണ് അന്വേഷിച്ചെത്തിയവര്‍ക്ക് കണ്ടെത്താനായത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടാമൃഗത്തെ വേട്ടയാടാനായി അഞ്ച് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി പാര്‍ക്കിനുള്ളില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതില്‍ ഒരാളെ ആന ആക്രമിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇയാളുടെ മൃതദേഹം സിംഹം തിന്നു. കാണാതായ ആളെ അന്വേഷിച്ച് പാര്‍ക്കിലെത്തയവര്‍ക്ക് മൃതദേഹത്തിന് പകരം കണ്ടെത്താനായത് തലയോട്ടിയും ഇയാള്‍ ധരിച്ചിരുന്ന പാന്‍റ്സും മാത്രമായിരുന്നു. കൊല്ലപ്പെട്ട ആള്‍ക്കൊപ്പം പാര്‍ക്കില്‍ അനധികൃതമായി പ്രവേശിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.

"ക്രുഗര്‍ ദേശീയോദ്യാനത്തില്‍ കാല്‍നടയായി പ്രവേശിക്കുന്നത് ജീവന് ഭീഷണിയാണ്. അത്രയേറെ വന്യമൃഗങ്ങളുണ്ടിവിടെ. കൊല്ലപ്പെട്ടയാളുടേതായി ആകെ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രമാണെന്ന്", ക്രുഗര്‍ ദേശീയോദ്യാന മാനേജിങ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ഫിലിപ്‌സ് വ്യക്തമാക്കി.

ലോകത്തില്‍ ആകെയുള്ള കണ്ടാമൃഗങ്ങളില്‍ 80 ശതമാനത്തോളം ദക്ഷിണാഫ്രിക്കയിലാണ്. ഏകദേശം 20,000 കണ്ടാമൃഗങ്ങളാണ് ഇവിടെ ഉള്ളത്.