മനില: ഫിലിപ്പീന്‍സിലെ പ്രധാന ജയിലില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പരസ്പരം മാരകായുധങ്ങളുമായാണ് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ ജയിലായ ബിലിബിദ് ജയിലിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്. 6000 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ നിലവില്‍ 28000 പേരാണുള്ളത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇരുസംഘങ്ങളും ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഫിലിപ്പീന്‍സിലെ ജയിലുകളില്‍ കലാപം പതിവാണ്. സൗകര്യക്കുറവും തടവുകാരുടെ ആധിക്യവുമാണ് പലപ്പോഴും പ്രശ്‌നം. പല ജയിലുകളിലും അനുവദിച്ചതില്‍ അഞ്ചിരട്ടിയാണ് തടവുകാരുടെ എണ്ണം. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട് ശക്തമായ നടപടി സ്വീകരിച്ചതിന് ശേഷം ജയിലുകളില്‍ തടവുകാര്‍ നിറഞ്ഞിരിക്കുകയാണ്. 2005ല്‍ ജയിലില്‍ നടന്ന കലാപത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.