ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപം തെളിയിച്ച് ഋഷി സുനക്, സാരിയില്‍ തിളങ്ങി അക്ഷത മൂര്‍ത്തി; ഗണപതി വിഗ്രഹം മോദി വക
ദീപാവലി ആഘോഷങ്ങളും ചിത്രങ്ങളും വീഡിയോയും ഋഷി സുനക് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ലണ്ടന്‍: ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസായ ഡൗണിങ് സ്ട്രീറ്റ് 10ല്‍ ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ദീപങ്ങള്‍ തെളിയിച്ചു.
ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഋഷി സുനക് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ആഘോഷത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, ബോളിവുഡ് താരങ്ങള്‍, വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ പ്രതിനിധികള്‍ എന്നിവരും പങ്കുചേര്‍ന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിന് നല്‍കി.
കേന്ദ്രമന്ത്രി എസ് ജയശങ്കറും ഭാര്യയും ഡൗണിങ് സ്ട്രീറ്റ് 10ല്‍ സന്ദര്‍ശനം നടത്തി ആശംസകളും സമ്മാനങ്ങളും കൈമാറി. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടം ആശംസകളും എസ് ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്ന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ച എസ് ജയശങ്കര്‍ ഋഷി സുനകിന്‍റെയും പത്നി അക്ഷത മൂര്‍ത്തിയുടെയും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി.
Read Also - പ്രവാസികളുടെ 'നടുവൊടിച്ച്' വാടക വര്‍ധന; താഴ്ന്ന വരുമാനക്കാരുടെ കീശ കാലിയാകും! ശമ്പളത്തിന്‍റെ 30 ശതമാനം വാടക
കേരളത്തിന് ദീപാവലി സമ്മാനമില്ല; യാത്രക്കാർ കാത്തിരുന്ന വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ എത്തിയില്ല, നിരാശ
തിരുവനന്തപുരം: ദീപാവലിക്ക് കേരളത്തിലേക്ക് വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിയില്ല. ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ട്രെയിൻ ഓടിയില്ല. കര്‍ണാടകത്തെയും തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിച്ച് ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക എന്നായിരുന്നു വാർത്തകൾ. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്നും ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. വ്യാഴം മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങളിലേതെങ്കിലുമൊരു ദിവസമായിരിക്കും സര്‍വീസ് എന്നായിരുന്നു സൂചന. എന്നാല്‍, ദീപാവലി ദിവസമായ ഞായറാഴ്ച വരെ ട്രെയിന്‍ സര്‍വീസിനെക്കുറിച്ച് വിവരമൊന്നും റെയില്‍വേ നല്‍കിയില്ല. ട്രെയിനിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ പിആർഒ അറിയിച്ചു.
അതേസമയം, ദീപാവലി തിരക്ക് പരിഗണിച്ച് തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തി. ദീപാവലി അവധിയിലെ യാത്രാതിരക്ക് കുറയാൻ വന്ദേഭാരത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ യാത്രക്കാർ. എന്നാൽ, വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും റെയിൽവേ പുറത്തിറക്കിയിട്ടില്ല. നിലവിൽ തിരുവനന്തപുരം-കാസർകോട് റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...