ഒരു കസേരയിൽ ഇരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അരികിൽ മുട്ടുകുത്തി ഇരിക്കുന്ന സുനകിന്‍റെ ചിത്രമാണ് പുറത്തുവന്നത്

ദില്ലി: ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടി അക്ഷരാർത്ഥത്തിൽ ലോക നേതാക്കളുടെ സമ്മേളനവേദിയായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുതൽ പ്രമുഖ ലോകരാജ്യങ്ങളുടെ തലവൻമാരിൽ ഏറെക്കുറെ എല്ലാവരും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ദില്ലിയിൽ അണിനിരന്നപ്പോൾ അത്യപൂർവ്വമായ നിരവധി കാഴ്ചകളും കൂടിയാണ് ജി 20 ഉച്ചകോടി സമ്മാനിച്ചത്. അതിനിടയിൽ ഇപ്പോൾ വൈറലാകുന്നൊരു ചിത്രം, യു കെ പ്രധാനമന്ത്രി ഋഷി സുനകും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റേതാണ്. ഷെയ്ഖ് ഹസീനയെ കണ്ടതും അടുത്തെത്തി മുട്ടുകുത്തി ഇരുന്നാണ് ഋഷി സുനക് സംസാരിച്ചത്. ചിത്രം പുറത്തുവന്നതോടെ യു കെ പ്രധാനമന്ത്രിയുടെ എളിമയെ ലോകം വാഴ്ത്തുകയാണ്.

ഒന്നല്ല, രണ്ട് ചക്രവാതചുഴി! 72 മണിക്കൂർ നിർണായകം; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

ഒരു കസേരയിൽ ഇരിക്കുന്ന ഷെയ്ഖ് ഹസീനയുടെ അരികിൽ മുട്ടുകുത്തി ഇരിക്കുന്ന സുനകിന്‍റെ ചിത്രമാണ് പുറത്തുവന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് ഋഷി സുനകിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സുനകിന്‍റെ എളിമയെ വാഴ്ത്തിക്കൊണ്ട് നിരവധിപേർ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് കുറിപ്പും ഇട്ടിട്ടുണ്ട്.

അതേസമയം ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ക്ഷേത്ര സന്ദര്‍ശനവും നടത്തിയിരുന്നു. ജി 20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് ആരതിയുഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് ഇവർ മടങ്ങിയത്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് റിഷി സുനക് ഇന്ത്യയിലെത്തിയത്. ജി 20 ക്കിടെ ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്ന് റിഷി സുനക് നേരത്തെ പറഞ്ഞിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് യു കെ പ്രധാനമന്ത്രി ദില്ലിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം