Asianet News MalayalamAsianet News Malayalam

ഇറാഖിൽ യുഎസ് സൈനികരുള്ള വിമാനത്താവളത്തിൽ റോക്കറ്റാക്രമണം

ബാഗ്ദാദിന്‍റെ വടക്കുള്ള അൽ-ബലാദ് സൈനിക വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഇറാഖി വ്യോമസേനയിലെ നാല് പേർക്കാണ് പരിക്കേറ്റത്. 

rockets hit at iraqi military base hosting US troops
Author
Baghdad, First Published Jan 13, 2020, 5:37 AM IST

ബാഗ്ദാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരവേ, വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അൽ-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. അതേസമയം, ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

അൽ-ബലാദ് വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ആറ് റോക്കറ്റുകൾ പതിച്ചത്. ആറും കത്യുഷ റോക്കറ്റുകളാണ് എന്ന് സഖ്യസേന സ്ഥിരീകരിക്കുന്നു. എഫ്-16 പോർവിമാനങ്ങളുടെ സർവീസ് നടത്തുന്ന വിമാനത്താവളമാണ് അൽ-ബലാദ്. അമേരിക്കൻ സൈനികോദ്യോഗസ്ഥരുടെ പരിശീലകരും ഇവിടെയാണ് തങ്ങുന്നത്. വിമാനത്താവളത്തിന്‍റെ ഉള്ളിലുള്ള റെസ്റ്റോറന്‍റിന് മുകളിൽ ഇതിലെ ഒരു റോക്കറ്റ് പതിച്ചതായും വിവരമുണ്ട്. 

ആരാണ് ആക്രമണം നടത്തിയതെന്നതിൽ ഇനിയും വ്യക്തതയില്ല. ഇറാൻ സൈന്യം നേരിട്ടാണോ, അതോ ഇറാനോട് കൂറ് പുലർത്തുന്ന ഇറാഖിലെ സൈനികയുദ്ധഗ്രൂപ്പായ ഹഷെദ് അൽ-ഷാബിയാണോ ആക്രമണം നടത്തിയതെന്നതിൽ വ്യക്തതക്കുറവുണ്ട്. ഇരുവിഭാഗവും റോക്കറ്റാക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. 

ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നീ സൈനിക വിമാനത്താവളങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയിരുന്നു. ഇതിൽ '80 അമേരിക്കൻ സൈനികരെ' വധിച്ചുവെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ആദ്യം പെന്‍റഗണും പിന്നീട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ടും ഇക്കാര്യം നിഷേധിച്ചു. ഒരു മരണം പോലുമുണ്ടായിട്ടില്ലെന്നും, ഈ വിമാനത്താവളങ്ങളിൽ നിന്ന് യുഎസ് സൈനികരെ നേരത്തേ മാറ്റിയിരുന്നുവെന്നും ട്രംപും അവകാശപ്പെട്ടു. ഇതിന് പിന്നാലെ ബാഗ്ദാദിൽ അമേരിക്കൻ എംബസിയടക്കം സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാമേഖലയായ (Green Zone) എംബസി മേഖലയിലും ഇറാൻ റോക്കറ്റാക്രമണം നടത്തിയിരുന്നു.

സമാനമായ രീതിയിൽ അൽ-ബലാദ് വിമാനത്താവളത്തിൽ നിന്ന് സൈനികരെ മാറ്റിയെന്നാണ് സഖ്യസേന വിശദീകരിക്കുന്നത്. ബാഗ്‍ദാദിന് ഏതാണ് 80 കിലോമീറ്റർ മാത്രം കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന അൽ-ബലാദിന് നേർക്ക് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അതിനാൽ മുൻകരുതൽ സ്വീകരിച്ചിരുന്നതായുമാണ് സഖ്യസേനയും ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത്. 

അൽ-ബലാദിലെ റൺവേയിലാണ് ചില ഷെല്ലുകൾ പതിച്ചത്. മറ്റൊരെണ്ണം ഗേറ്റിലും. ഗേറ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ഇറാഖി ഉദ്യോഗസ്ഥർക്കും റൺവേയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റിരിക്കുന്നത്. സ്ഥലത്ത് ആക്രമണമുണ്ടായ ശേഷം, ഇറാഖി പൊലീസുദ്യോഗസ്ഥർ എത്തിയ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി.

ഇറാനിലെ ഉന്നത സൈനികനേതാക്കളിലൊരാളായ ഖുദ്‍സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയെ ബാദ്‍ദാദ് വിമാനത്താവളത്തിലേക്ക് വ്യോമാക്രമണം നടത്തി വധിച്ച അമേരിക്കൻ നടപടിക്ക് പ്രതികാരമായാണ് ഇറാന്‍റെ തുടർച്ചയായുള്ള ആക്രമണങ്ങൾ. സൊലേമാനിയ്ക്ക് പുറമേ, ഇറാഖി കമാൻഡർ അബു മഹ്ദി അൽ മുഹാന്ദിസ് അടക്കം അഞ്ച് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിൽ ഇറാൻ സൈന്യത്തോട് അനുഭാവം പുലർത്തുന്ന സൈനിക ഗ്രൂപ്പായ ഹഷെദ് അൽ-ഷാബിയുടെ ഡെപ്യൂട്ടിയായിരുന്നു ജനറൽ മുഹാന്ദിസ്.  

അതുകൊണ്ട് തന്നെ ഹഷെദ് ഗ്രൂപ്പ് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാനൊപ്പം തന്നെ പ്രഖ്യാപിച്ചിരുന്നു. 

അമേരിക്ക പേടിക്കേണ്ടത് ഇത്തരം നിഴൽപ്പോരാളികളെ

ഇപ്പോൾ ഇറാൻ ഒരു തട്ട് താഴെയാണ് നിൽക്കുന്നെതന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനത്തിൽ പരിഹസിച്ചതെങ്കിലും, ഇപ്പോഴും ഇറാന്‍റെ നിഴൽപ്പോരാളികളായ ഗ്രൂപ്പുകൾ മേഖലയിൽ ഭീഷണി തന്നെയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. യുദ്ധത്തിലേക്ക് പോകേണ്ടതില്ലെന്ന് ഇറാൻ തീരുമാനിച്ചാൽ പോലും, ഇറാൻ സഹായിക്കുന്ന സൈനികഗ്രൂപ്പുകളുടെ പലതിന്‍റെയും തലവൻമാർ അതനുസരിയ്ക്കണമെന്നില്ല. തുറന്ന ഒരു യുദ്ധത്തിലേക്ക് പോകുന്നതിന് പകരം ഇനിയും ഇറാൻ നടത്തുക ഇത്തരം നിഴൽയുദ്ധങ്ങളാകും.

അതിനാലാണ് ധൃതി പിടിച്ച് ഇറാഖിലെ പല വിമാനത്താവളങ്ങളിൽ നിന്നും സഖ്യസേനയെ മാറ്റാൻ അമേരിക്കയും സഖ്യരാജ്യങ്ങളും തീരുമാനിക്കുന്നത്. ഇവരെ മാറ്റിയ ശേഷം എന്തുചെയ്യുമെന്നതിലും എപ്പോൾ തിരികെയെത്തിക്കാം എന്നതിലും സഖ്യരാജ്യങ്ങൾക്ക് അടക്കം ആശങ്കയുണ്ട്. 

ഇറാഖിലും ലെബനനിലുമടക്കം ഇത്തരം സൈനികഗ്രൂപ്പുകളെ ഒന്നിച്ച് നിർത്തിയിരുന്നതും നിയന്ത്രിച്ചിരുന്നതും മേജർ ജനറൽ കാസിം സൊലേമാനിയാണ്. സൊലേമാനിയുമായി അടുത്ത ബന്ധമുള്ള ഈ സൈനികഗ്രൂപ്പുകൾ തിരിച്ചടിക്ക് തക്കം പാർത്തിരിക്കും. സൊലേമാനിക്ക് ശേഷം ഖുദ്‍സ് ഫോഴ്സിന്‍റെ തലവനായ ഇസ്മായിൽ ഖ്വാനിക്ക് എത്രത്തോളം ഇവരെ നിയന്ത്രിക്കാനാകും എന്നതിലും വ്യക്തതയില്ല. 

Follow Us:
Download App:
  • android
  • ios