ഓസ്ട്രേലിയ: റൂപർട്ട് മർഡോകിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ രം​ഗത്തെ ഭീമൻ കമ്പനിയായ ന്യൂസ് കോർപ് ഓസ്ട്രേലിയയിലെ നൂറിലധികം പത്രങ്ങളുടെ അച്ചടി നിർത്തുന്നതായി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് പരസ്യരം​ഗത്തുണ്ടായ വൻതിരിച്ചടിയും അതുവഴി വന്നു ചേർന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ. പത്രങ്ങളുടെ അച്ചടി  നിർത്തി ഡിജിറ്റൽ മാധ്യമ മേഖലയിലേക്ക് ചുവടുമാറാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ 1 ന് 60 പ്രാദേശിക ദിനപത്രങ്ങളുടെ അച്ചടി താത്കാലികമായി  നിർത്തലാക്കിയിരുന്നു.

ജൂണ്‍ 29 മുതല്‍ പ്രാദേശിക പത്രങ്ങളിൽ ഭൂരിഭാ​ഗവും ഡിജിറ്റൽ മേഖലയിലേക്ക് മാറ്റും. അതോടെ 76 പത്രങ്ങളാണ് ഡിജിറ്റൽ വായനയിലേക്ക് മാറുന്നത്. 36 പത്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടും. മാധ്യമ വ്യവസായത്തെ ആ​ഗോളമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നത്. വായനക്കാരുടെ എണ്ണം കുറയുകയും മാധ്യമ പരസ്യ വരുമാനത്തെ ​ഗൂ​ഗിളിന്റെയും ഫേസ്ബുക്കിന്റെയും വരവ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക പത്രങ്ങളാണ് പ്രധാനമായും മര്‍ഡോകിന്റെ നടപടിക്കിരയാവുന്നത്. കൃത്യമായി എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൊറോണ വൈറസ് മഹാമാരി വരുത്തിയ പ്രത്യാഘാതങ്ങൾ‌ പ്രാദേശിക പ്രസിദ്ധീകരണങ്ങളുടെ സുസ്ഥിരതയെ ആണ് കൂടുതലായി ബാധിച്ചതെന്ന് ന്യൂസ് കോര്‍പ് ഓസ്ട്രേലിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മൈക്കിള്‍ മില്ലര്‍ പറഞ്ഞു. അതേസമയം മാധ്യങ്ങളിലെ വാര്‍ത്തകള്‍ വഴിയാണ് പത്രങ്ങള്‍ പൂട്ടുന്ന കാര്യം അറിഞ്ഞതെന്നും ന്യൂസ് കോര്‍പ് അറിയിച്ചിട്ടില്ലെന്നും ഓസ്ട്രേലിയയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വ്യക്തമാക്കി. കുറഞ്ഞത് 375 മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പരസ്യ വരുമാനം ഇനി ഉയരുമെന്ന പ്രതീക്ഷയില്ലാത്തതിനാലാണ് കടത്ത നടപടിയിലേക്കു കമ്പനി പോകുന്നതെന്നും  മൈക്കിള്‍ മില്ലര്‍ അറിയിച്ചു.