യുഎൻ രക്ഷാസമിതിയിൽ പരിഷ്കരണം നടത്തുമ്പോൾ ജർമനി, ജപ്പാൻ പോലെയുള്ള രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാംഗത്വത്തെയും തങ്ങൾ പിന്തുണയ്ക്കുന്നതായും റഷ്യ വ്യക്തമാക്കി.
യുണൈറ്റഡ് നേഷൻസ്: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തെ പിന്തുണച്ച് റഷ്യ. യുഎൻ പൊതുസഭയിൽ സംസാരിക്കുന്നതിനിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേ ലാവ്റോവ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ അറിയിച്ചത്. കൂടുതൽ പാശ്ചാത്വരാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ റഷ്യ ശക്തമായി എതിർക്കുകയുംചെയ്തു.
യുഎൻ രക്ഷാസമിതിയിൽ പരിഷ്കരണം നടത്തുമ്പോൾ ജർമനി, ജപ്പാൻ പോലെയുള്ള രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്. രക്ഷാസമിതി വിപുലീകരിക്കുമ്പോൾ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം ബ്രസീലിന്റെ സ്ഥിരാംഗത്വത്തെയും തങ്ങൾ പിന്തുണയ്ക്കുന്നതായും റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ് വ്യക്തമാക്കി.
റഷ്യയ്ക്ക് പുറമേ മൗറീഷ്യസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് രാംഫുൽ ആണ് യുഎൻ പൊതുസഭയിൽ ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. യുഎൻ രക്ഷാസമിതിയിൽ കൂടുതൽ രാജ്യങ്ങൾക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ ആഫ്രിക്കയിലെ രാജ്യങ്ങൾക്കും ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, മാർഷൽ ദ്വീപുകളുടെ പിന്തുണ ജപ്പാനായിരുന്നു. ജപ്പാനും ജി4 രാജ്യങ്ങൾക്കും സ്ഥിരാംഗത്വത്തിന് പിന്തുണ നൽകുന്നതായാണ് മാർഷൽ ദ്വീപുകളുടെ പ്രസിഡന്റ് വ്യക്തമാക്കിയത്. 1.6 ബില്യണിലേറെ ജനസംഖ്യയുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിന് രക്ഷാസമിതിയിൽ പ്രാതിനിധ്യമില്ലാത്ത കാര്യം വിവിധ ആഫ്രിക്കൻ രാജ്യങ്ങളും ചൂണ്ടിക്കാട്ടി. സിയറ ലിയോൺ, ഘാന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിരാംഗത്വത്തിനായി വാദമുയർത്തിയത്.
ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. ഇവർക്ക് പുറമേ പത്ത് രാജ്യങ്ങളെ രണ്ടുവർഷത്തെ കാലാവധിയിലേക്കും രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കാറുണ്ട്.


