കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈൻ
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈൻ അവകാശപ്പെട്ടു. പോളണ്ട് വ്യോമപാത അടച്ചു. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ധനം വാങ്ങുന്നത് അടക്കം നിർത്തി മറ്റു രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി ആവശ്യപ്പെട്ടു. 600ലേറെ ഡ്രോണുകളാണ് ഞായറാഴ്ച പുലർച്ചെ റഷ്യ കീവിലേക്ക് വർഷിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട റഷ്യൻ അധിനിവേശത്തിനിടെ ഏറ്റവും വലിയ ഏരിയൽ ആക്രമണമാണ് നടന്നത്.
ഞായറാഴ്ച പുലർച്ചെ വരെ നീണ്ട ആക്രമണം
കീവിലും പരിസരത്തുമായി 42 പേർക്ക് പരിക്കേറ്റതായാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി വിശദമാക്കിയത്. അതേസമയം 48 മിസൈലുകളും 595 ഡ്രോണുകളും വർഷിച്ചുവെന്നാണ് എയർ ഫോഴ്സ് വിശദമാക്കിയത്. ഇതിൽ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നുവെന്നാണ് യുക്രൈൻ എയർ ഫോഴ്സ് വിശദമാക്കുന്നത്. 43 ക്രൂയിസ് മിസൈലുകളെ വെടിവച്ച് വീഴ്ത്തിയെന്നും യുക്രൈൻ എയർ ഫോഴ്സ് വിശദമാക്കി.


