Asianet News MalayalamAsianet News Malayalam

'ക്യാന്‍സർ വാക്സിൻ ഉടൻ': വൻ പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്‍റ് പുടിൻ

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് റഷ്യയുടെ പ്രഖ്യാപനം വന്നത്

Russia Is Close To Creating Cancer Vaccines Soon Be Available To Patients Says Vladimir Putin SSM
Author
First Published Feb 15, 2024, 11:19 AM IST

മോസ്കോ: ക്യാൻസറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍. വാക്സിന്‍ രോഗികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല. 

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി  ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു. 2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. മരുന്ന് കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകൾ ഉണ്ട്. കൂടാതെ കരളിലെ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്സിനുകളുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തു. വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിന്‍ ഈ വാക്സിന്‍ എടുക്കുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios