വെടിനിർത്തൽ കരാർ ലംഘിച്ച് റഷ്യ യുക്രൈനിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. 700-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിന് മറുപടിയായി യുക്രൈൻ നടത്തിയ തിരിച്ചടിയിൽ റഷ്യയിൽ രണ്ട് പേർ കൊല്ലപ്പെട്ടതോടെ യുദ്ധം വീണ്ടും രൂക്ഷമാകുകയാണ്
കീവ്: ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ യുക്രൈനിൽ റഷ്യയുടെ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണം. 700 ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. തെക്കൻ തുറമുഖ നഗരമായ ഒഡെസയിൽ ഒമ്പത് പേരും തലസ്ഥാനമായ കീവിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേരും കൊല്ലപ്പെട്ടു. മധ്യ നഗരമായ ഡിനിപ്രോയിലും നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ - യുക്രെയ്ൻ യുദ്ധം ഇതോടെ വീണ്ടും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നു. റഷ്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് യുക്രൈനും ശക്തമായ തിരിച്ചടി നൽകി. തെക്കൻ റഷ്യയിലെ ക്രാസ്നോഡർ മേഖലയിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. സമാധാന നീക്കങ്ങൾക്കായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്ന സമയത്തിന് തൊട്ടുപിന്നാലെ ഇരുപക്ഷത്തുനിന്നും ഉണ്ടായ ഈ ആക്രമണങ്ങൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ആക്രമണം ശക്തമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

