യുക്രൈന്‍റെ പതാക കെര്‍സണിന് മുകളില്‍ പറക്കുന്നതുവരെ, റഷ്യൻ പിൻവലിക്കലിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു പോഡോലിയാക് പറഞ്ഞത്.
മോസ്കോ: യുക്രൈന്‍റെ കിഴക്കന്‍ നഗരമായ കെര്‍സണില്‍ നിന്നും പിന്‍വാങ്ങാന്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഇന്നലെ ഉത്തരവിട്ടു. എന്നാല്‍, റഷ്യയുടെ തീരുമാനത്തെ യുക്രൈന്‍ സംശയത്തോടെയാണ് കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില റഷ്യൻ സേനകൾ ഇപ്പോഴും കെർസണിൽ ഉണ്ടെന്നും പിൻവലിക്കലിനെക്കുറിച്ച് സംസാരിക്കാൻ ഇപ്പോള്‍ കഴിയില്ലെന്നും ഇത് വളരെ നേരത്തെയായെന്നും യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് റോയിട്ടേഴ്സിനോട് പറഞ്ഞു.
യുക്രൈന്‍റെ പതാക കെര്‍സണിന് മുകളില്‍ പറക്കുന്നതുവരെ, റഷ്യൻ പിൻവലിക്കലിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു പോഡോലിയാക് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 24 ന് റഷ്യ യുക്രൈന്‍ അധിനിവേശം നടത്തിയതിന് ശേഷം റഷ്യ പിടിച്ചെടുത്ത ഏക പ്രാദേശിക തലസ്ഥാന നഗരമായിരുന്നു കെര്‍സണ്‍. കെര്‍സണില്‍ നിന്നുള്ള റഷ്യയുടെ പിന്‍വാങ്ങാല്‍ യുക്രൈനിലെ റഷ്യയുടെ 'പ്രത്യേക സൈനിക നടപടി'ക്ക് തിരിച്ചടിയാകുമെന്നും യുദ്ധവിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ കെര്‍സന്‍ പിടിച്ചെടുത്തതിന് പിന്നാലെ റഷ്യ ഏകപക്ഷീയമായി പ്രദേശത്ത് ഹിതപരിശോധന നടത്തുകയും പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍. റഷ്യ കീഴടക്കിയ തങ്ങളുടെ പ്രദേശങ്ങളെല്ലാം പ്രത്യേകിച്ചും 2014 ല്‍ കീഴടക്കിയ ക്രിമിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളെല്ലാം തിരിച്ച് പിടിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വോളിഡമിര്‍ സെലെന്‍സ്കി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍മേഖലയില്‍ യുക്രൈന്‍ സൈനിക നടപടി ശക്തമാക്കുകയും ചെയ്തു.
ഡിനിപ്രോ നദിയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളില്‍ നിന്ന് ഇതോടെ റഷ്യന്‍ സേന പൂര്‍ണ്ണമായും പുറത്തായി. ഇതോടെ തെക്കന്‍ നഗരങ്ങളില്‍ പോരാട്ടം കനക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യന്‍ സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കെർസണിൽ നിന്ന് കിഴക്ക് ഭാഗത്തേക്കുള്ള പ്രധാന ഹൈവേയിലെ ദാരിവ്ക പാലം പൂർണ്ണമായും തകർന്നു. റഷ്യന്‍ സൈന്യം പിന്മാറുന്നതിന്‍റെ പിന്നാലെ പാലം തകര്‍ത്തെന്ന് യുക്രൈന്‍ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ടു. കെര്‍സണില്‍ നിന്നുള്ള റഷ്യന്‍ പിന്‍മാറ്റത്തെ റഷ്യന്‍ അനുകൂല ടെലിഗ്രാം പേജുകള്‍ ഏറെ വേദനാജനകമെന്നാണ് വിശേഷിപ്പിച്ചത്. " ലളിതമായി പറഞ്ഞാൽ, കേർസണെ വെറും കൈകൊണ്ട് പിടിക്കാൻ കഴിയില്ല. അത് റഷ്യൻ സൈന്യത്തിന്‍റെ ചരിത്രത്തിലെ ഒരു കറുത്ത പേജാണ്. റഷ്യൻ ഭരണകൂടത്തിന്‍റെ ഒരു ദുരന്ത പേജ്. ”
