470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. വിമാനങ്ങൾ ഇന്ന് രാത്രി റൊമാനിയയ്ക്ക് തിരിക്കും. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.

ദില്ലി: യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം (Rescue Mission) ഇന്ത്യ (India) തുടങ്ങി. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. ദില്ലിക്കുള്ള എയർ ഇന്ത്യ (Air India) വിമാനത്തിൽ നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. വിമാനങ്ങൾ ഇന്ന് രാത്രി റൊമാനിയയ്ക്ക് തിരിക്കും. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.

Scroll to load tweet…

യുക്രൈനിൽ ഇപ്പോൾ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേർന്ന യോഗത്തിൽ പറ‍ഞ്ഞിരുന്നു. വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും എത്ര ദിവസത്തേക്ക് എന്ന ആശങ്ക പലരും അറിയിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇവരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയത്. പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് തുടങ്ങിയത്. ആദ്യം റൊമാനിയ, ഹംഗറി അതിർത്തി വഴിയാണ് ഇന്ത്യക്കാരെ യുക്രൈന് പുറത്ത് എത്തിക്കുന്നത്. നടപടി നിരീക്ഷിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ അതിർത്തികളിൽ എത്തി. ആദ്യം പടിഞ്ഞാറൻ മേഖലയിൽ ഉള്ളവരോട് ചിട്ടയോടെ അതിർത്തിയിൽ എത്താനാണ് നിർദ്ദേശം. വിദ്യാർത്ഥികൾ പലരും ഉച്ചയോടെ അതിർത്തിക്കടുത്ത് എത്തിത്തുടങ്ങിയിരുന്നു. 

Scroll to load tweet…

അതിർത്തിയിൽ എത്താനുള്ള വാഹനസൗകര്യം വിദ്യർത്ഥികൾ ഏർപ്പെടുത്തേണ്ടി വരും. ഇതിനായി സ്റ്റുഡൻറ് ഏജൻറുമാരുടെ സഹായം തേടാനും നിർദ്ദേശമുണ്ട്. ആദ്യ ഘട്ടത്തിൽ റൊമാനിയ വഴിയാണ് വിദ്യാർത്ഥികളെ കൊണ്ടുവരുന്നത്. എയർ ഇന്ത്യയുടെ വിമാനങ്ങൾ നാളെ ദില്ലിയിലും മുംബൈയിലും റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് തിരിച്ചെത്തും. ഹംഗറിയിൽ നിന്നുള്ള വിമാന സർവ്വീസും നാളെ തുടങ്ങും. വ്യോമസേന വിമാനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കും. എന്നാൽ കീവിലുൾപ്പടെ ബങ്കറുകളിൽ കഴിയുന്നവരെ എങ്ങനെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിക്കും എന്ന ആശങ്കയുണ്ട്. സംഘർഷം തുടർന്നാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക ദുഷ്ക്കരമാകും. യുക്രൈൻ സർക്കാരിനോട് ഇതിനായി ഇന്ത്യ സഹായം തേടിയിട്ടുണ്ട്. പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനാകാത്തവരെ റഷ്യ വഴി ഒഴിപ്പിക്കണം എന്നാണ് വിദ്യാർ‍ത്ഥികളുടെ ആവശ്യം.