യൂറോപ്പിലെ നയതന്ത്ര കേന്ദ്രങ്ങളിൽ ഒന്നായ വിയന്നയിൽ റഷ്യൻ ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി

വിയന്ന: വിദേശ ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തെത്തുടർന്ന് വിയന്നയിലെ റഷ്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ നയതന്ത്രജ്ഞർ തങ്ങളുടെ പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നും ചാരപ്രവൃത്തികളിൽ ഏർപ്പെട്ടുവെന്നും ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യൂറോപ്പിലെ നയതന്ത്ര കേന്ദ്രങ്ങളിൽ ഒന്നായ വിയന്നയിൽ റഷ്യൻ ഉദ്യോഗസ്ഥർ രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഓസ്ട്രിയ വിട്ടുപോകാൻ ചുരുങ്ങിയ ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

സാധാരണയായി നയതന്ത്ര ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പ്രയോഗിക്കുന്ന 'പേഴ്സണ നോൺ ഗ്രാറ്റ' എന്ന പദവി നൽകിയാണ് ഇവരെ പുറത്താക്കിയത്. നയതന്ത്ര സമൂഹത്തിന് ചാരപ്രവർത്തി അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഓസ്ട്രിയയുടെ വിദേശകാര്യ മന്ത്രി വിശദമാക്കിയത്. 2020 ന് ശേഷം സമാന സാഹചര്യങ്ങളിൽ പുറത്താക്കുന്ന റഷ്യൻ നയതന്ത്രജ്ഞരുടെ എണ്ണം 14 ആയെന്നും ഓസ്ട്രിയയുടെ വിദേശകാര്യമന്ത്രി ബീറ്റി മെയ്ൻ റെസിംഗർ വിശദമാക്കി. എംബസിയുടെയും നയതന്ത്ര കോമ്പൗണ്ടിന്റെയും മേൽക്കൂരകളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന അന്താരാഷ്ട്ര, ദേശീയ സംഘടനകളിൽ നിന്നുള്ള ഡാറ്റ ആസൂത്രിതമായി ചോർത്തിയെന്നാണ് റഷ്യൻ ഉദ്യോഗസ്ഥർക്കെതിരായ ആരോപണം. അന്താരാഷ്ട്ര അറ്റോമിക ഏജൻസി, യൂറോപ്പിലെ സുരക്ഷാ സഹകരണ സംഘടന, ഒപെക് എന്നിവ അടക്കമുള്ളവയുടെ ഓഫീസുകൾ വിയന്നയിൽ സ്ഥിതി ചെയ്യുന്നുണ്ട്.ഏറെക്കാലമായി നടന്നുവരുന്ന ചാരപ്രവർത്തനം അവസാനിപ്പിക്കാൻ എല്ലാ ചെറുപഴുതുകളും അടയ്ക്കുന്ന നടപടികളാണ് ഓസ്ട്രിയ സ്വീകരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

വിയന്ന അന്താരാഷ്ട്ര ചാരവൃത്തി കേന്ദ്രമായി മാറുന്ന നിലയാണ് നിലവിലുള്ളത്. നഗരത്തിലെ 17000 അംഗീകൃത നയതന്ത്രജ്ഞരിൽ 7000 വരെ രഹസ്യ ഏജന്റുമാരുടെ എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഇതിന് പുറമേ നിരവധി വിദേശ എംബസികൾ ഓസ്ട്രിയൻ തലസ്ഥാനത്ത് അവരുടെ യൂറോപ്യൻ രഹസ്യ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നതായു നിരീക്ഷിക്കപ്പെടുന്നുണ്ട്. ഓസ്ട്രിയയിൽ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ചാരക്കേസുകളിൽ ഒന്നായ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് കഴിഞ്ഞ ജനുവരിയിൽ വിചാരണ നേരിട്ട മുൻ ഓസ്ട്രിയൻ ചാരവൃത്തി വിരുദ്ധ ഉദ്യോഗസ്ഥനായ എജിസ്റ്റോ ഒട്ടിനെ 2024ൽ അറസ്റ്റ് ചെയ്തതിനുശേഷം, ചാരപ്രവർത്തനത്തിനെതിരായ നടപടികൾ കർശനമാക്കുന്നതിനുള്ള സമ്മർദ്ദം ഓസ്ട്രിയയ്ക്ക് മേൽ വർദ്ധിച്ചിരുന്നു.

ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ ഓസ്ട്രിയ സ്വീകരിച്ച നിലപാടിന് വലിയ പ്രാധാന്യമാണുള്ളത്. മുൻകാലങ്ങളിൽ റഷ്യയോട് അല്പം മൃദുവായ സമീപനം സ്വീകരിച്ചിരുന്ന ഓസ്ട്രിയ, ഇപ്പോൾ തങ്ങളുടെ സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. വിയന്ന ഒരു അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രമായതിനാൽ, അവിടെ നടക്കുന്ന ഇത്തരം ചാരപ്രവർത്തനങ്ങൾ അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.അതേസമയം ഓസ്ട്രിയയുടെ ഈ നടപടിയോട് റഷ്യ രൂക്ഷമായി പ്രതികരിച്ചു. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന് പകരമെന്നോണം റഷ്യയിലെ ഓസ്ട്രിയൻ നയതന്ത്രജ്ഞരെയും പുറത്താക്കാൻ സാധ്യതയുണ്ടെന്ന് റഷ്യ സൂചന നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം