അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്കോ ചരക്ക് കപ്പലുകൾക്കോ നേരെ ഇറാൻ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി.

ന്യൂയോർക്ക്: ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകളെ ഇറാൻ ലക്ഷ്യമിടുകയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്കോ ചരക്ക് കപ്പലുകൾക്കോ നേരെ ഇറാൻ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാനിയൻ സായുധ ബോട്ടുകൾ അമേരിക്കൻ കപ്പലുകളെ പിന്തുടരുന്നതായും അവയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായും പെന്റഗൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് സോഷ്യൽ മീഡിയയിലൂടെയും വാർത്താ സമ്മേളനത്തിലൂടെയും നിലപാട് വ്യക്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

കടലിൽ അമേരിക്കൻ കപ്പലുകളെ ശല്യം ചെയ്യുന്ന ഏതൊരു ഇറാനിയൻ ബോട്ടുകളെയും വെടിവെച്ചു വീഴ്ത്താൻ താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പരമാധികാരത്തെയും സൈനികരെയും തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ട്രംപ് വിശദമാക്കി. ലോകത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള ഏറ്റവും മികച്ച ആയുധങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സൈനിക താവളങ്ങളുമുണ്ടെന്നും ട്രംപ് തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി. അതേസമയം മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ കടക്കുന്ന ഏത് വിദേശ കപ്പലുകളെയും പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാന്റെ പക്ഷം.

ഇറാന്റെ റെവല്യൂഷണറി ഗാർഡും അമേരിക്കൻ നാവികസേനയും തമ്മിൽ പശ്ചിമേഷ്യൻ മേഖലയിൽ പലപ്പോഴും നേർക്കുനേർ വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് ഇത് വഴിവെക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഭയപ്പെടുന്നത്. 800ഓളം കപ്പലുകളും ഇരുപതിനായിരത്തിലേറെ കപ്പൽ ജീവനക്കാരുമാണ് നിലവിൽ ഗൾഫ് മേഖലയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം