ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 

മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക കമ്പനിയായ ലുക്കോയിലിന്‍റെ ചെയർമാൻ രവിൽ മഗനോവ് മരണപ്പെട്ടു. ഇദ്ദേഹം മോസ്‌കോയിലെ ആശുപത്രി ജനലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. റഷ്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുടെ അടുത്ത കാലത്തെ തുടര്‍ മരണങ്ങളില്‍ പുതിയതാണ് രവിൽ മഗനോവിന്‍റെത്.

67-കാരനായിരുന്നു രവിൽ മഗനോവ്. ഇദ്ദേഹം വീണുമരിച്ചുവെന്ന് റഷ്യൻ മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. എന്നാൽ മഗനോവിന്‍റെ വീഴ്ച എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 

യുക്രെയ്നിൽ റഷ്യയുടെ സൈനിക അധിനിവേശത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ കമ്പനിയുടെ തലപ്പത്തുള്ളവരുടെ മരണം വർധിക്കുകയാണ്. ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഉന്നതന്‍റെ മരണം. 

ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്‍റെ പിറ്റേന്ന് റഷ്യന്‍ എണ്ണ കമ്പനി ഗാസ്പ്രോംയുടെ എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. നൊവാടെക്കിന്‍റെ മുൻ ഉന്നതൻ സെർജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലിൽ സ്പെയിനിലെ വില്ലയിൽ മരിച്ച നിലയില്‍ കാണപ്പെട്ടു. 

ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മെയ് മാസത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു.

അതേ സമയം ഗുരുതരമായ രോഗത്തെ തുടർന്നാണ് മഗനോവ് അന്തരിച്ചതെന്ന് ലുക്കോയിൽ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. "ലുക്കോയിലിന്റെ ആയിരക്കണക്കിന് ജീവനക്കാർ ഈ ദാരുണമായ നഷ്ടത്തിൽ അഗാധമായി ദു:ഖിക്കുന്നു, കൂടാതെ രാവിൽ മഗനോവിന്‍റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു," പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരിയിൽ മോസ്‌കോ തങ്ങളുടെ സൈനികരെ ഉക്രെയ്‌നിലേക്ക് അയച്ചതിന് ശേഷം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത ചുരുക്കം ചില റഷ്യൻ കമ്പനികളിൽ ഒന്നാണ് ലുക്കോയിൽ.

റഷ്യയെ പിന്നില്‍ നിന്നും കുത്തിയോ പാകിസ്ഥാന്‍; യുക്രെയ്ന്‍ സൈന്യത്തിന് പാക് ആയുധം.!

നിസാരം എന്നു കരുതി തുടങ്ങിയ റഷ്യ, ആറ് മാസം പിന്നിടുമ്പോൾ ചാമ്പലാക്കിയ റഷ്യൻ ടാങ്കറുകൾ നിരത്തി യുക്രൈൻ