യുദ്ധമുഖത്തേക്ക് സൈനികരാവാൻ വലിയ രീതിയിലുള്ള ഓഫറുകളാണ് റഷ്യ നൽകുന്നത്. മെയ് 1 മുതൽ സൈന്യത്തിൽ ചേരുന്നവരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്.
മോസ്കോ: മെഷീൻ ഗൺ പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടമായി. തനിയെ കറങ്ങി വെടിയുതിർത്ത് മെഷീൻ ഗൺ. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പരിശീലകൻ. റഷ്യൻ സൈനികന് മെഷീൻ ഗൺ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിനിടെയുണ്ടായ അപകട ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. യാക്ക് ബി 12.7 ഹെലികോപ്ടർ മെഷീൻ ഗൺ പരിശീലനത്തിനിടെയാണ് സംഭവം. സൈനികൻ ട്രിഗർ വലിച്ചതിന് പിന്നാലെ മെഷീൻ ഗൺ പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു. പിന്നാലെ തന്നെ സൈനികന് മെഷീൻ ഗണിന് മുകളിലുള്ള നിയന്ത്രണം നഷ്ടമായി. ഇതിന് പിന്നാലെയാണ് മെഷീൻ ഗൺ നാലുപാടും കറങ്ങി വെടിയുതിർക്കാൻ ആരംഭിച്ചത്. ട്രിഗർ ചെയ്ത സൈനികൻ മെഷീൻ ഗൺ ഉറപ്പിച്ച് വച്ച സ്ഥലത്ത് നിന്ന് താഴേയ്ക്ക് ചാടിയതോടെ വെടിയുണ്ടകൾ പൂർണമായി തീരും വരെ കാത്ത് നിൽക്കേണ്ട അവസ്ഥയിലായി പരിശീലകൻ. ഒടുവിൽ പരിക്കേൽക്കാതെ മെഷീൻ ഗണിന്റെ സമീപത്തേക്ക് പരിശീലകൻ എത്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. 2022ൽ ആരംഭിച്ച യുക്രൈൻ റഷ്യ യുദ്ധത്തിനിടെ 350000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യുദ്ധമുഖത്തേക്ക് സൈനികരാവാൻ വലിയ രീതിയിലുള്ള ഓഫറുകളാണ് റഷ്യ നൽകുന്നത്. മെയ് 1 മുതൽ സൈന്യത്തിൽ ചേരുന്നവരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും യുദ്ധമുഖത്തേക്ക് വേണ്ട വേഗതയിൽ സൈനികരെ എത്തിക്കാൻ സാധിക്കുന്ന അവസ്ഥയല്ല റഷ്യയ്ക്ക് നിലവിലുള്ളതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. സാമ്പത്തിക നാശവും ആൾനാശവും രാജ്യത്തിന് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറമെന്നാണ് വിലയിരുത്തൽ.


