19കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിൾ, നിരവധി മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
വാഷിംഗ്ടൺ: അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ക്ഷേത്രത്തിനുള്ളിൽ വെടിവയ്പ് നടത്താൻ ശ്രമിച്ച 19കാരൻ പിടിയിൽ. ചിക്കാഗോയിലെ ഇല്ലിനോയിസിലെ അറോറ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തിലാണ് 19കാരൻ തോക്കുമായി എത്തിയത്. ഇന്ത്യക്കാർക്കെതിരായ ചിന്താഗതികളിൽ വിശ്വസിക്കുന്നതാണ് യുവാവ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവരാത്രി ആഘോഷങ്ങൾക്കിടെയാണ് അക്രമണശ്രമം നടന്നത്. അലക്സാണ്ട്രോസ് പപ്പോരാക്കിസ് എന്ന 19കാരനാണ് പിടിയിലായത്. ഒക്ടോബർ 11 ഞായറാഴ്ച ഓറോറ മേഖലയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ആക്രമണ ദിവസത്തെക്കുറിച്ച് ഇയാൾ വളരെ പ്രത്യേകതയുള്ള ദിവസമാണെന്നാണ് പറഞ്ഞിരുന്നത്. വെടിവെപ്പ് നടത്താനുള്ള പദ്ധതി വ്യക്തമാക്കുന്ന രേഖകളും, റൈഫിൾ, മാഗസിനുകൾ, ബോഡി ആർമർ എന്നിവയുടെ ചിത്രങ്ങളും 19കാരൻ മറ്റൊരാൾക്ക് ഫോണിലൂടെ കൈമാറിയിരുന്നു.
ഒക്ടോബർ 11ന് ആയുധങ്ങളുമായി 19കാരൻ ക്ഷേത്രത്തിലെത്തുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാഗങ്ങൾ ജാമായതോടെ റൈഫിൽ തകരാറിലാവുകയും അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്തതോടെ ഇയാൾ ക്ഷേത്രത്തിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ തന്റെ തോക്ക് തകരാറിലായ കാര്യം ഒരു സഹപ്രവർത്തകനെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തു.ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 19കാരൻ പിടിയിലാവുന്നത്.19കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിൾ, നിരവധി മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. വെള്ളക്കാരുടെ വംശീയ തീവ്രവാദവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളിലെല്ലാം ആയുധധാരികളായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.


