റുവാണ്ടന്‍ പദ്ധതി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി, ഋഷി സുനകിന് വന്‍ തിരിച്ചടി
അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നതിനെ സുപ്രീം കോടതി ഒറ്റക്കെട്ടായാണ് എതിർത്തത്. റുവാണ്ടയെ സുരക്ഷിത രാജ്യമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്

ലണ്ടന്‍: ബ്രിട്ടനിലുള്ള അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്നതിൽ പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി. നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഏകകണ്ഠമായി വ്യക്തമാക്കി. ബുധനാഴ്ചയാണ് സുനക് ഗവൺമെന്റിന്റെ പദ്ധതിക്കാണ് വലിയ തിരിച്ചടിയാണ് കോടതി തീരുമാനം. അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് തിരിച്ചയക്കുന്നതിനെ സുപ്രീം കോടതി ഒറ്റക്കെട്ടായാണ് എതിർത്തത്. റുവാണ്ടയെ സുരക്ഷിത രാജ്യമായി കാണാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്
അനധികൃത അഭയാർത്ഥികള്‍ക്കെതിരെ നിലപാട് ശക്തമാക്കിയ ഋഷി സുനകിന് ഇനി നയങ്ങള് നടപ്പിലാക്കാന്‍ മറ്റ് മാർഗങ്ങള്‍ തേടേണ്ടി വരും. തീവ്ര വലതുപക്ഷ അനുഭാവികളില്‍ നിന്ന് ഹോം സെക്രട്ടറി സുവല്ല ബ്രേവർമാനെ നീക്കിയതിന രൂക്ഷ വിമർശനം സുനക് നേരിടുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനമെത്തുന്നത്. സുവല്ല ബ്രേവർമാന്റെ ആശയമായിരുന്നു റുവാണ്ടയിലേക്ക് അഭയാർത്ഥികളെ തിരികെ അയയ്ക്കു്നത്. ചൊവ്വാഴ്ച പുറത്ത് വിട്ട കത്തിൽ സുനകിന്റെ നേതൃത്വ പാടവത്തെയും തുടർച്ചയായി ബ്രിട്ടന്റെ തീരങ്ങളിലേക്ക് ബോട്ടുകള്‍ എത്തുന്നത് തടയാനുളള കാര്യ ക്ഷമമായ പദ്ധതികളുടെ കുറവിനേക്കുറിച്ചും സുവല്ല ബ്രേവർമാന് രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികളുടേയും ഇവർ വഴി രാജ്യത്തേക്ക് എത്തുന്ന ഇവരുടെ ബന്ധുക്കളേയും തടയണമെന്നും അടക്കം സുവല്ല കുടിയേറ്റത്തിനെതിരായി ശക്തമായ നയങ്ങളാണ് സ്വീകരിച്ചിരുന്നത്.
2023 അവസാനത്തോടെ പണപ്പെരുപ്പം പകുതിയായി 5.4 ശതമാനമായി കുറയ്ക്കുമെന്ന് സുനക് വ്യക്തമാക്കിയിരുന്നു. നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റിലെ 6.7ശതമാനമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ബ്രിട്ടനെ സംബന്ധിച്ച് നല്ല വാർത്തയാണെങ്കിലും ഇത് സുപ്രീം കോടതി വിധിയിൽ മുങ്ങിപ്പോയെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സുനക് സർക്കാരിന്റെ റുവാണ്ടൻ പദ്ധതി നിയമപരമാണെന്ന ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കിയ അപ്പീൽ കോടതിയുടെ വിധിയെ സുപ്രീം കോടതി പിന്തുണയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം 45756 പേരാണ് ചെറുബോട്ടുകളില്‍ ഫ്രാന്‍സ് വഴി ബ്രിട്ടനിലെത്തിയത്. ഇറാന്‍, ആല്‍ബേനിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അനധികൃത കുടിയേറ്റക്കാരില്‍ ഏറിയ പങ്കും. 2023ലെ ആദ്യ ആറ് മാസങ്ങളില്‍ ഈ സംഖ്യ 11500 ആയി കുറഞ്ഞിരുന്നു. അനധികൃ കുടിയേറ്റത്തിന്റെ തോതിൽ 10 ശതമാനമാണ് കുറവ് വന്നത്. റുവാണ്ടൻ പദ്ധതിയെ എതിർത്താൽ ബ്രിട്ടൻ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നിന്ന് പുറത്തുപോകാൻ സുവല്ല ബ്രേവർമാന് തയ്യാറായിരുന്നു. എന്നാൽ പ്രധാനമന്ത്രി അതിന് തയ്യാറായിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിന് പിന്നാലെ പദ്ധതിക്കായി വന്‍ തുക ചെലവിട്ട സുനക് സർക്കാരിന് സുപ്രീം കോടതി തീരുമാനം ചെറുതായല്ല കോട്ടം തട്ടിച്ചിട്ടുള്ളത്. അതേസമയം റുവാണ്ടയുമായി പുതിയ കരാറിന് ചർച്ചകൾ നടക്കുന്നതായാണ് ഋഷി സുനക് സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം