ഏതാനും ദിവസം മുമ്പ് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ജയിലില്‍ വെച്ച് വിഷബാധയേറ്റതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്നും പറയപ്പെടുന്നു.

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന സാജിദ് മിര്‍ പാകിസ്ഥാനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നതിനിടെ ഇയാള്‍ക്ക് വിഷബാധയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ ഇയാള്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുകയാണെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പാകിസ്ഥാന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി വിധിയോടെ കഴിഞ്ഞ വര്‍ഷമാണ് സാജിദ് മിറിനെ കോട് ലഖ്പത് ജയിലിലടച്ചത്. ഇയാളെ ഏതാനും ദിവസം മുമ്പ് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ജയിലില്‍ വെച്ച് വിഷബാധയേറ്റതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്നും പറയപ്പെടുന്നു. ജീവന്‍ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാളെ മറ്റൊരു ജയലിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നടന്നുവരികയായിരുന്നത്രെ.

അതേസമയം ജയിലില്‍ വെച്ച് വിഷബാധയേറ്റതായുള്ള റിപ്പോര്‍ട്ടുകളില്‍ വിവിധ കോണുകളില്‍ നിന്ന് സംശയവും ഉയര്‍ന്നിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യവും പാക് ചാര സംഘടനയായ ഐഎസ്ഐയും തയ്യാറാക്കുന്ന കെട്ടുകഥകളായിരിക്കും ഇതെന്നാണ് ആരോപണം. ലഷ്കറെ ത്വയ്ബ കമാന്‍ഡറായ സാജിദ് മിറിനെതിരെ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികള്‍ തടുക്കാനുള്ള ശ്രമമായിരിക്കാം ഇതിന് പിന്നില്ലെന്ന് സംശയിക്കപ്പെടുന്നുമുണ്ട്. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന കുറ്റത്തിനാണ് പാകിസ്ഥാന്‍ കോടതി ഇയാൾക്ക് എട്ട് വര്‍ഷം തടവും 4,20,000 പാകിസ്ഥാന്‍ രൂപ പിഴയും വിധിച്ചത്. അമേരിക്കയുടെ തീവ്രവാദ പട്ടികയിലുള്ള സാജിദ് മിറിനെ തങ്ങള്‍ക്ക് കൈമാറണമെന്നുള്ള അമേരിക്കയുടെ ആവശ്യം ഒഴിവാക്കാന്‍ വേണ്ടി അയാള്‍ക്ക് വിഷബാധയേറ്റെന്നും മരണപ്പെട്ടെന്നുമുള്ള വാര്‍ത്ത സൃഷ്ടിച്ചേക്കുമെന്നും പലരും സംശയം പ്രകടിപ്പിക്കുന്നു. 

അമേരിക്കയുടെ ഫെഡറല്‍ അന്വേഷണ ഏജന്‍സി 50 ലക്ഷം ഡോളറാണ് സാജിദ് മിറിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ഇയാളെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നും സ്വത്ത് കണ്ടുകെട്ടുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും വേണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയും അമേരിക്കയും ഉന്നയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...