Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക പിൻവലിച്ച് സജിത്ത് പ്രേമദാസ, പിന്തുണ അലഹപെരുമയ്ക്ക്

50 എംപിമാരുടെ പിന്തുണയാണ് പ്രേമദാസയ്ക്ക് ഉള്ളത്. 2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു.  

Sajith Premadasa withdraws from race for president of Sri Lanka
Author
Colombo, First Published Jul 19, 2022, 1:14 PM IST

കൊളംബോ: ശ്രീലങ്കൻ പാർലമെന്റിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക പിൻവലിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച പ്രേമദാസ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) വിട്ട നേതാവ് ഡള്ളസ് അലഹപെരുമയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ട്വീറ്റ് ചെയ്തു. മുൻവാർത്താവിതരണ മന്ത്രിയായ ഡള്ളസ് അലഹ പെരുമ 10 എംപിമാരുമായാണ് എസ്എൽപിപി വിട്ടത്. 50 എംപിമാരുടെ പിന്തുണയാണ് പ്രേമദാസയ്ക്ക് ഉള്ളത്. 2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു.  

ആക്ടിങ് പ്രസിഡൻറായി റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻറെ നിലപാട്. സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്നും തുടർന്ന് സഖ്യസർക്കാർ രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. റെനിൽ വിക്രമസിംഗെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രക്ഷോഭകരുടെ പ്രതിഷേധം തുടരുകയാണ്.  

For the greater good of my country that I love and the people I cherish I hereby withdraw my candidacy for the position of President. @sjbsrilanka and our alliance and our opposition partners will work hard towards making @DullasOfficial victorious.

— Sajith Premadasa (@sajithpremadasa) July 19, 2022

ഒന്നിലധികം സ്ഥാനാർത്ഥികളെ നിർത്തി റെനിൽ വിക്രമസിംഗെയെ സഹായിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭകർ പ്രതിഷേധിച്ചിരുന്നു. ഭരണകക്ഷിയുടെ പിന്തുണ ഉറപ്പിച്ച റനിൽ വിക്രമസിംഗെ, ജനത വിമുക്തി പെരമുനയുടെ അനുര കുമാര ദിസനായകെ, എസ്എൽപിപിയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇതിനിടെ കൊളംബോയിൽ നിന്നും മാലിദ്വീപ് വഴി സിംഗപ്പൂരിലെത്തിയ മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് ഗോത്തബയ രാജപക്സെയ്ക്ക് അഭയം നൽകില്ലെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാലിദ്വീപിൽ നിന്നും സൗദി എയര്‍ലൈൻസ് വിമാനത്തിൽ ഗോത്തബയ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ഭാര്യയ്ക്കും ഒപ്പം സിംഗപ്പൂരിൽ എത്തിയത്. അദ്ദേഹം രാഷ്ട്രീയ അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തെ സിംഗപ്പൂരിൽ തുടരാൻ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിംഗപ്പൂര്‍ വ്യക്തമാക്കുന്നു. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഗോത്തബയ സിംഗപ്പൂരിൽ എത്തിയത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നത്

Follow Us:
Download App:
  • android
  • ios