സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് കടത്തിയ കേസിൽ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്നും ലഹരി കടത്തുകാർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്തിയ കേസിലെ അഞ്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം ആവർത്തിച്ചു.

രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എത്യോപ്യൻ പൗരന്മാരായ അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവർ പിടിയിലായത്. സുരക്ഷാ സേന പിടികൂടിയ പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞതിനെ തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിക്ക് കൈമാറുകയുമായിരുന്നു. വിചാരണയിൽ വിചാരണക്കോടതി പ്രതികൾക്ക് തഅ്സീർ വധശിക്ഷ വിധിച്ചു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ ശിക്ഷാവിധി അന്തിമമാവുകയും നിയമനടപടികൾ പൂർത്തിയാക്കി വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

അസീർ പ്രവിശ്യയിൽ വെച്ചാണ് അഞ്ചുപേരുടെയും വധശിക്ഷ നടപ്പാക്കിയത്. മയക്കുമരുന്ന് എന്ന വിപത്തിൽ നിന്ന് പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാൻ സൗദി സർക്കാറിന് പ്രത്യേക കരുതലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനെടുക്കുന്നതിനും യുവാക്കളുടെയും സമൂഹത്തിന്റെയും നാശത്തിനും കാരണമാകുന്ന ഇത്തരം അതിക്രമങ്ങളിൽ ഏർപ്പെടുന്ന ലഹരി കടത്തുകാർക്കും വിതരണക്കാർക്കും എതിരെ നിയമപ്രകാരമുള്ള കഠിനമായ ശിക്ഷ നടപ്പാക്കുമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്ക് മുതിരുന്നവർക്ക് നിയമപരമായ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.