സൗദി അറേബ്യയുടെയും ഇറാന്‍റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നിർണായക ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയാണ് ഫോണിലൂടെ സംസാരിച്ചത്.
റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയുടെയും ഇറാെൻറയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നിർണായക ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയാണ് ഫോണിലൂടെ സംസാരിച്ചത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും വർധിച്ചുവരുന്ന പിരിമുറുക്കങ്ങളും ഇരു നേതാക്കളും വിശദമായി അവലോകനം ചെയ്തു. സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും സംഭാഷണത്തിൽ ഊന്നൽ നൽകിയത്. മേഖലയിലെ സമാധാനശ്രമങ്ങളിൽ നിർണായകമായേക്കാവുന്ന ഒരു സുപ്രധാന നീക്കമായാണ് ഈ ചർച്ചയെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
വെടിനിർത്തൽ സ്വാഗതം ചെയ്ത് സൗദി
അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ നടത്തിയ നിർണായകമായ മധ്യസ്ഥ ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ഷെരീഫും സംയുക്തമായി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മശഷഹബാസ് ഷെരീഫിന്‍റെയും പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറിെൻറയും ഫലപ്രദമായ ഇടപെടലുകൾ ഈ സുപ്രധാന കരാറിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചതായി മന്ത്രാലയം എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.


