കഴിഞ്ഞ വർഷം മുതൽ സൗദി അറേബ്യ ചൈനയുമായുള്ള ഊർജ മേഖലയിൽ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ-വാതക കമ്പനി അരാംകോ, ചൈനിയിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. റോങ്‌ഷെംഗ് പെട്രോകെമിക്കലിന്റെ അനുബന്ധ സ്ഥാപനമായ നിംഗ്‌ബോ ചോങ്‌ജിൻ പെട്രോകെമിക്കലിൽ 50% ഓഹരികൾ ഏറ്റെടുക്കാൻ അരാംകോ ചർച്ചകൾ നടത്തുകയാണെന്ന് ചൈനീസ് കമ്പനി ബുധനാഴ്ച ഷെൻഷെൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ പറയുന്നു.
അരാംകോയുടെ റിഫൈനിംഗ് യൂണിറ്റായ സൗദി അരാംകോ ജുബൈൽ റിഫൈനറി കമ്പനിയിൽ 50% ഓഹരി ഏറ്റെടുക്കാനുള്ള സാധ്യതയും ചർച്ച ചെയ്യുന്നുണ്ടെന്ന് ഹാങ്‌ഷൗ ആസ്ഥാനമായുള്ള റിഫൈനർ റോങ്‌ഷെംഗ് പറഞ്ഞു. ഇരുപക്ഷവും ഒരു ദിവസം ഒപ്പുവച്ച ധാരണാപത്രം ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷം മുതൽ സൗദി അറേബ്യ ചൈനയുമായുള്ള ഊർജ മേഖലയിൽ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ, അരാംകോ റോങ്‌ഷെങ്ങിന്റെ 10% ഓഹരികൾ 3.5 ബില്യൺ ഡോളറിന് വാങ്ങാൻ സമ്മതിച്ചിരുന്നു. കരാറിന്റെ ഭാഗമായി ചൈനീസ് കമ്പനിക്ക് പ്രതിദിനം 480,000 ബാരൽ ക്രൂഡ് ഓയിൽ നൽകും.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ചൈനയും ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യയിലെ യാൻബു ഇൻഡസ്ട്രിയൽ സിറ്റിയിൽ അരാംകോയുമായി ചേർന്ന് പൊതുമേഖലാ സ്ഥാപനമായ സിനോപെക്കിന് സംയുക്ത സംരംഭമുണ്ട്. 2016 മുതൽ യാൻബു അരാംകോ സിനോപെക് റിഫൈനിംഗ് കമ്പനി, പ്രീമിയം ഗതാഗത ഇന്ധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് പ്രതിദിനം 400,000 ബാരൽ അരാംകോ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നു.
Read More... 'ന്യൂ ഇയര്‍' രണ്ടുവട്ടം ആഘോഷിക്കാൻ ഫ്ളൈറ്റില്‍ പോയ യാത്രക്കാര്‍ക്ക് സംഭവിച്ചത്...
കഴിഞ്ഞ മാസം, ഹോങ്കോംഗ് ഒരു നിക്ഷേപ കോൺഫറൻസിൽ സൗദിയിലെ ഉന്നതരെ സ്വാഗതം ചെയ്തിരുന്നു. ഹോങ്കോങ് നഗരത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ റിയാദിലെത്തി അരാംകോയുടെ സിഇഒയെ കാണുകയും ഹോങ്കോങ്ങിൽ ഒരു സെക്കൻഡറി ലിസ്റ്റിംഗ് എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
