നഴ്സിങ്, അധ്യാപനം തുടങ്ങി വിവിധ മേഖലകളിലായി മാലിദ്വീപില്‍ ആറായിരത്തോളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം പുതിയ തീരുമാനം വലിയ തോതിൽ ബാധിക്കും
ദില്ലി: മാലിദ്വീപില്‍ നിന്നും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ പരിധി വെട്ടിക്കുറച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും. മാസത്തില്‍ അയക്കാനുള്ള തുകയുടെ പരിധി എസ് ബി ഐ 500 ഡോളറിൽ നിന്നും 150 ഡോളറാക്കി കുറച്ചാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വിദേശ നാണ്യശേഖരത്തിലെ കുറവുമൂലം കൈക്കൊണ്ട നടപടി പ്രവാസികളെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. നഴ്സിങ്, അധ്യാപനം തുടങ്ങി വിവിധ മേഖലകളിലായി മാലിദ്വീപില്‍ ആറായിരത്തോളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം പുതിയ തീരുമാനം വലിയ തോതിൽ ബാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഈ മാസം 25 നാണ് പുതിയ തീരുമാനം നടപ്പിലാകുക. അതായത് ഇന്നേക്ക് അഞ്ചാം നാൾ മുതൽ മാസം 150 ഡോളർ അഥവാ പതിമൂവായിരത്തോളം രൂപ മാത്രമേ നാട്ടിലേക്ക് മാലിദ്വീപിലെ പ്രവാസികൾക്ക് അയക്കാനാകു എന്ന് സാരം.
വിശദവിവരങ്ങൾ
മാലിദ്വീപ് എസ് ബി ഐ മുഖേനയായിരുന്നു നാട്ടിലേക്ക് മലയാളികളടക്കമുള്ളവർ പണമിടപാട് നടത്തിയിരുന്നത്. ഒരുമാസം നാട്ടിലേക്ക് അയക്കാനുള്ള തുകയുടെ പരിധി 150 ഡോളര്‍ അതായത് പതിമൂവായിരത്തോളം രൂപയാക്കിയാണ് ഇപ്പോള്‍ ബാങ്ക് വെട്ടിച്ചുരുക്കിയിരിക്കുന്നത്. നേരത്തെ ഇത് 500 ഡോളറായിരുന്നു. ഈ മാസം 25 മുതല്‍ തീരുമാനം പ്രബാല്യത്തില്‍ വരും. വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മാലിദ്വീപില്‍ ജോലി ചെയ്യുന്ന മലയാളികള്‍ പറഞ്ഞു. വിദേശനാണ്യത്തിന്റെ ഗണ്യമായ കുറവുകൊണ്ടാണ് റെമിറ്റന്‍സ് പരിധി വെട്ടിക്കുറച്ചതെന്നും പ്രതിസന്ധി അയഞ്ഞാല്‍ പുനസ്ഥാപിക്കുമെന്നുമാണ് മാലിദ്വീപ് എസ് ബി ഐ ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.
വായ്പ തിരിച്ചടവിനെ ബാധിക്കും
റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ വലിയ തുക നല്‍കിയാണ് പലരും ജോലിക്ക് കയറിയത്. മാസം തോറും പതിമൂവായിരം രൂപ മാത്രമേ അയയ്ക്കാനാകൂ എന്നതിനാല്‍ വായ്പ തിരിച്ചടവിനെ ഉള്‍പ്പെടെ ഇത് ബാധിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


