യുപിഐ, ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്, യോനോ, ഇന്റര്‍നെറ്റ് ബാങ്കിങ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍, റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് തുടങ്ങിയ എസ്ബിഐയുടെ പ്രധാന സേവനങ്ങളെല്ലാം ഈ സമയത്ത് തടസ്സപ്പെട്ടു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങള്‍, ഇന്ന് പുലര്‍ച്ചെ താല്‍ക്കാലികമായി മുടങ്ങി. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 11-ന് പുലര്‍ച്ചെ 1:10 നും 2:10 നും ഇടയിലാണ് സേവനങ്ങള്‍ ലഭ്യമല്ലാതായത്. സേവനങ്ങൾ തടസ്സപ്പെടുന്ന കാര്യം ബാങ്ക് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) , ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ്, യോനോ , ഇന്റര്‍നെറ്റ് ബാങ്കിങ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ , റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ സമയത്ത് തടസ്സപ്പെട്ടു. 2:10 മുതല്‍ സേവനങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ബാങ്ക് അറിയിച്ചിടരുന്നു. ഒക്ടോബര്‍ 7-നും 8-നും എസ്ബിഐയുടെ യുപിഐ ഇടപാടുകളില്‍ ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു.
ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക: ഇത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ എടിഎം, യുപിഐ ലൈറ്റ് ഉപയോഗിക്കാം. ഈ തടസ്സസമയത്ത് ഉപഭോക്താക്കള്‍ക്ക് അത്യാവശ്യ പണമിടപാടുകള്‍ക്കായി എടിഎം സേവനങ്ങളും യുപിഐ ലൈറ്റും ഉപയോഗിക്കാം. ഇടപാടുകള്‍ അതനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.
എന്താണ് യുപിഐ ലൈറ്റ്?
- 1,000 രൂപയില്‍ താഴെയുള്ള ചെറിയ തുകയുടെ ഇടപാടുകള്‍ പിന്‍ ഇല്ലാതെയും അതിവേഗത്തിലും നടത്താനായി രൂപകല്‍പ്പന ചെയ്ത ഒരു പെയ്മെന്റ് സംവിധാനമാണ് യുപിഐ ലൈറ്റ്.
- ഇടപാട് പരിധി: ഒറ്റത്തവണ ഇടപാട് പരിധി 1,000 രൂപയാണ്.
- മൊത്തം പരിധി: യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഒരു ദിവസം ലോഡ് ചെയ്യാവുന്ന പരമാവധി തുക 5,000 രൂപയാണ്.
- പിന്‍ ആവശ്യമില്ല: യുപിഐ ലൈറ്റ് വഴി നടത്തുന്ന ഇടപാടുകള്‍ക്ക് പിന്‍ നമ്പര്‍ ആവശ്യമില്ല.
- സ്റ്റേറ്റ്‌മെന്റില്‍ വരില്ല: ഈ ഇടപാടുകള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തില്ല; വാലറ്റിലേക്ക് പണം ലോഡ് ചെയ്യുന്ന തുക മാത്രമേ സ്റ്റേറ്റ്‌മെന്റില്‍ കാണിക്കൂ.


