Asianet News MalayalamAsianet News Malayalam

കൊവിഡ് 19: സ്വയം ഇറക്കിയ നിർദേശങ്ങള്‍ ലംഘിച്ചു;മാപ്പുപറഞ്ഞ്, രാജിവച്ച് സ്കോട്ട്‌ലൻഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍

ലോക്ക് ഡൌണ്‍ സമയത്ത്  അനാവശ്യമായി സഞ്ചരിച്ചതിന് കാതറിന് രണ്ട് പ്രാവശ്യമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. തനിക്ക് സംഭവിച്ചത് മനുഷ്യത്വപരമായ തെറ്റാണ്. എങ്കില്‍ കൂടിയും ഈ അവസരത്തില്‍ അത് ഗുരുതരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന് കാതറിന്‍

Scotlands chief medical officer resigns after she is given police warning for twice ignoring her own advice and visiting her familys second home during lockdown
Author
Edinburgh, First Published Apr 6, 2020, 12:54 PM IST

കൊവിഡ് 19 വ്യാപനം തടയാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വയം ലംഘിച്ചതിന് പിന്നാലെ രാജി വച്ച് സ്കോട്ട്ലന്‍ഡിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വയം രണ്ട് തവണ ലംഘിച്ചതില്‍ പരസ്യമായി മാപ്പുപറഞ്ഞ ശേഷമാണ് രാജി. സ്കോട്ട് ലാന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കാതറിന്‍ കാല്‍ഡര്‍വുഡ് ആണ് രാജി വച്ചത്. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് രണ്ട് തവണ വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് രാജി. വാരാന്ത്യത്തില്‍ കാതറിനും കുടുംബാംഗങ്ങളും കുടുംബവീട്ടിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

വീട്ടില്‍ നിന്ന് 40 മൈല്‍ അകലെയുള്ള കുടുംബവീട്ടില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തിയതോടെയാണ് നടപടി. തനിക്ക് സംഭവിച്ചത് മനുഷ്യത്വപരമായ തെറ്റാണ്. എങ്കില്‍ കൂടിയും ഈ അവസരത്തില്‍ അത് ഗുരുതരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. തന്‍റെ നിര്‍ദേശങ്ങള്‍ താന്‍ തന്നെ പാലിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റുള്ളവരെ എങ്ങനെ അതിന് നിര്‍ബന്ധിക്കാന്‍ കഴിയും. അതിനാല്‍ തനിക്ക് സംഭവിച്ച ഗുരുതരമായ പിഴവ് മൂലം രാജി വയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കാതറിന്‍ പറഞ്ഞു. ലോക്ക് ഡൌണ്‍ സമയത്ത്  അനാവശ്യമായി സഞ്ചരിച്ചതിന് കാതറിന് രണ്ട് പ്രാവശ്യമാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 

ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന തനിക്ക് സംഭവിച്ച ഗുരുതര പിഴവിനെ തിരുത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും കാതറിന്‍ ക്ഷമാപണത്തില്‍ പറഞ്ഞു. എഡിന്‍ബര്‍ഗിലെ വീട്ടില്‍ നിന്ന് നാല്‍പത് മൈല്‍ അകലെയുള്ള യേള്‍സ്ഫെറിയിലെ കുടുംബവീട്ടില്‍ കാതറിന്‍ രോഗ വ്യാപനത്തിന് പിന്നാലെ രണ്ട് തവണയെത്തിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ പരിരക്ഷയ്ക്ക് വേണ്ടിയും കൊവിഡ് 19 വ്യാപനം ചെറുക്കുന്നതിന് വേണ്ടിയും വീട് വിട്ട് പുറത്ത് പോകരുതെന്ന് കാതറിന്‍ നിര്‍ദേശിച്ചിരുന്നു. സ്കോട്ട്ലാന്‍ഡില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നയാളാണ് കാതറിന്‍. കഴിഞ്ഞ മാസമാണ് സ്കോട്ട്ലാന്‍ഡിന്‍ യാത്രാ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. 

Follow Us:
Download App:
  • android
  • ios