ഇക്കുറിയും സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം
ന്യൂയോർക്ക്: അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമേരിക്ക നാടുകടത്തുന്ന ഇന്ത്യാക്കാരുടെ പട്ടികയിലെ രണ്ടാം സംഘം ഇന്ന് രാത്രി അമൃത്സറിൽ എത്തും. അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം പട്ടികയിലും ഏറെയുള്ളത് പഞ്ചാബിൽ നിന്നുള്ളവരാണ്. ഇന്ന് എത്തിക്കുന്ന 119 പേരിൽ 67 പേരും പഞ്ചാബികളാണെന്നാണ് വിവരം. ഹരിയാനയിൽ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരും ഉത്തർ പ്രദേശിൽ നിന്ന് 3 പേരും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഒരു ഹിമാചൽ സ്വദേശിയും, ഒരു ജമ്മു സ്വദേശിയുമാണ് ഇന്ന് ഇന്ത്യയിലെത്തുക. രാത്രി 10 മണിക്കാകും വിമാനം അമൃത്സറിലെത്തുകയെന്നാണ് പ്രതീക്ഷ. ഇക്കുറിയും സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തീരുമാനമായിട്ടുണ്ട്. റഫാലിന് പിന്നാലെ എത്തുന്ന എഫ് 35 ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം. വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും. ഇത്രയും സൗകര്യങ്ങളുള്ള ആധുനിക വിമാനം ഇന്ത്യക്ക് നൽകുമെന്ന് ട്രംപ് പറഞ്ഞത് വെറുതെയല്ല. ഓരോ വർഷവും പ്രതിരോധ രംഗത്ത് ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരികയാണ്. അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറുന്നതും.
