നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാൻ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്.
ദില്ലി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യൻ പാസ്‌പോർട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കൽ കൂടി ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരുന്നു. നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാൻ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്. തനിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എആര്‍വൈ ന്യൂസിനോട് സംസാരിക്കവെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
"ഇന്ത്യയുടെ വിദേശനയം നോക്കൂ. അവർ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യയുടെ പാസ്‌പോർട്ടിന്റെ ബഹുമാനവും പാകിസ്ഥാൻ പാസ്‌പോർട്ടിന് നൽകുന്ന ബഹുമാനവും കാണുക,” ഇമ്രാന്‍ഖാന്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലർത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയം, അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഇന്ത്യയെ പുകഴ്ത്തുന്നത്.
കഴിഞ്ഞ ആഴ്ച, മലകണ്ടിലെ ദർഗായില്‍ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, സ്വന്തം ആളുകൾക്ക് അനുകൂലമായ ‘സ്വതന്ത്ര’ വിദേശനയമാണ് ഇന്ത്യയുടേതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയോടുള്ള ഇമ്രാന്റെ പുതിയ താല്‍പ്പര്യം പാകിസ്ഥാൻ പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ഇതിനെ "ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിചിത്രമായ പ്രസ്താവന" എന്നാണ് വിശേഷിപ്പിച്ചത്, ഇന്ത്യ പാകിസ്ഥാനെതിരെ തീവ്രവാദം ആരോപിക്കുകയും സിപിഇസിയെ എതിർക്കുകയും കശ്മീരികളുടെ സംസ്ഥാന പദവി കവർന്നെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഇമ്രാൻ ഖാന്റെ പകരക്കാരനാകാൻ സാധ്യതയുള്ള ഷെരീഫ്, പാകിസ്ഥാന്റെ ആഗോള താൽപ്പര്യം അപകടത്തിലാക്കിയെന്നും പ്രതികരിച്ചു.
അതേ സമയം തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിലുള്ള പ്രതിഷേധം അമേരിക്കയെ ഔദ്യോഗികമായി അറിയിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan). പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം. ഒരു വിദേശ രാജ്യം തന്നെ പുറത്താക്കാന്‍ ശ്രമിച്ചു എന്ന് അമേരിക്കയുടെ പേരെടുത്ത് പറയാതെയായിരുന്നു കഴിഞ്ഞദിവസം ഇമ്രാന്‍ ഖാന്‍റെ ആരോപണം. റഷ്യ സന്ദര്‍ശിച്ചതിന് ശേഷമാണ് പാശ്ചാത്യ രാജ്യം തനിക്കെതിരെ തിരിഞ്ഞതെന്നായിരുന്നു ഇമ്രാന്‍ പറഞ്ഞത്. അമേരിക്കന്‍ എംബസിയെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബിസി തയ്യാറായിട്ടില്ല. ആരോപണം നേരത്തെ അമേരിക്ക തള്ളിയിരുന്നു. ഇമ്രാന്റെ തെഹരികെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ അമേരിക്കക്കെതിരെ പെഷാവറില്‍ പ്രകടനം നടത്തി. കറാച്ചിയില്‍ നടന്ന പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ചിലയിടങ്ങളില്‍ അമേരിക്കന്‍ പതാക കത്തിച്ചു. നാളെയാണ് പാകിസ്ഥാനില്‍ അവിശ്വാസ വോട്ടെടുപ്പ്. രണ്ട് ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ സര്‍ക്കാര്‍ ഫലത്തില്‍ ന്യൂനപക്ഷമാണ്.
