ട്രംപിന്റെ പുതിയ തീരുവ നയങ്ങൾ ലോകമെമ്പാടും ആശങ്കയുണർത്തുന്നു. പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യൻ വിപണിയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി
ന്യൂയോർക്ക്: അമേരിക്ക ആഗോള തീരുവ ചുമത്തലുമായി മുന്നോട്ടെന്ന പ്രഖ്യാപനത്തിൽ പ്രസിഡന്‍റ് ട്രംപ് ഉറച്ച് നിൽക്കുന്നതിൽ ലോകത്തിന് ആശങ്ക. ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനമാകുമോ ട്രംപിൽ നിന്ന് ബുധനാഴ്ച ഉണ്ടാകുകയെന്നത് കണ്ടറിയണം. നേരത്തെ തന്നെ ഏപ്രിൽ രണ്ടിന് കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങള്‍ക്കുമേലും പരസ്പര തീരുവ ചുമത്തുമെന്നും ഇളവ് നൽകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് ട്രംപ്.
തീരുമാനത്തിൽ നിന്ന് ട്രംപ് പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. സെന്‍സെക്സ് 1390 പോയിന്‍റും നിഫ്റ്റി 353 പോയിന്‍റും ഇടിഞ്ഞാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകര്‍ക്ക് മൂന്നരലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റ ദിവസത്തിൽ ഉണ്ടായത്. ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചാൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ വിപണിയും തകർന്നടിയാൻ പ്രധാന കാരണമായി വ്യക്തമാകുന്നത്.
അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനം തീരുമാനിച്ചു എന്നതാണ്. രണ്ടാം വരവിലെ ട്രംപിന്‍റെ ആദ്യ സന്ദർശനം സൗദി അറേബ്യയിലേക്കായിരിക്കും. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സൗദി കൂടാതെ ഖത്തറും യു എ ഇയും സന്ദർശിക്കുമെന്നും വ്യക്തമായിട്ടുണ്ട്. 'സന്ദർശനം അടുത്ത മാസമാകാം, ചിലപ്പോൾ കുറച്ചു വൈകിയേക്കും, ഖത്തറിലേക്കും യു എ ഇയിലേക്കും സന്ദർശനം നടത്തുന്നുണ്ട്' - എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ട്രംപ് ഭരണകൂടവും സൗദിയും തമ്മിൽ ചർച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്താനുമാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശനം നടത്തുന്നതിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ തവണ അമേരിക്കൻ പ്രസിഡന്‍റായപ്പോൾ ട്രംപ് നടത്തിയ ആദ്യ വിദേശ സന്ദർശനവും സൗദിയിലേക്കായിരുന്നു എന്നതും ശ്രദ്ധേയമാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യു എസ് ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതാണ് തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് സൗദി തെരഞ്ഞെടുക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
