കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പള്ളിയിലേക്ക് ബോംബാക്രമണം. ആക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന തുടങ്ങിയ സമയത്താണ് ആക്രമണമുണ്ടായതെന്ന് വക്താവ് ഫര്‍ദ്വാസ് ഫറാമാര്‍സ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാന്‍ സര്‍ക്കാറും താലിബാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനമാണ് ആക്രമണമുണ്ടായത്. റംസാന്‍ മാസമായതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഫ്ഗാനില്‍ നിന്ന് യു എസ് സൈന്യം പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ആക്രമണം രൂക്ഷമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona