ദില്ലി: ബിഷ്ക്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കും. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ്‌ പാടില്ലന്നും നരേന്ദ്രമോദി ആവശ്യപ്പെടുമെന്നാണ് നിരീക്ഷണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴ വിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. അതേസമയം, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചർച്ചയില്ലെന്ന് നരേന്ദ്ര മോദി അറിയിച്ചു. 

40മിനിറ്റ് കൂടിക്കാഴ്ചയിൽ ഭീകരവാദം ചർച്ചയായി. ഇന്നലെ അനന്ത്നാഗിൽ നടന്ന ആക്രണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നതായി മോദി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയ്ക്ക് ഇപ്പോൾ അന്തരീക്ഷമില്ലെന്നും മോദി ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചു. ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുമായും മോദി ചർച്ചനടത്തും. അമേരിക്കയുടെ ഉപരോധവും ചർച്ചയാവും.