ദില്ലി: സ്ഥാനമൊഴിഞ്ഞ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചു. 72-ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായ പുറത്തു വന്ന പത്മ പുരസ്കാര ജേതാക്കളുടെ പട്ടികയിലാണ് ജപ്പാൻ്റെ മുൻ പ്രധാനമന്ത്രിയും ഇടംപിടിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് ഷിൻസോ ആബെയ്ക്ക് ഉന്നത സിവിലിയൻ പുരസ്കാരം കേന്ദ്ര ​ഗവർൺമെൻ്റ് പ്രഖ്യാപിച്ചത്. 

രാജ്യത്തിനും പൊതുസമൂഹത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവ‍ർക്കും കല-കായികം-ശാസ്ത്രം-സാംസ്കാരികം - സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളേയും ആദരിക്കാനുമായി 1954-ലാണ് പ​ദ്മ പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. 2015 മുതൽ ജനങ്ങളിൽ നിന്നുള്ള ശുപാർശകളും നിർദേശങ്ങളും കൂടി സ്വീകരിച്ച ശേഷമാണ് പദ്മ പുരസ്കാരങ്ങൾ നൽകി പോരുന്നത്. 

ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡുള്ള ഷിൻസോ ആബെ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. 2006-ൽ ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തിയ ആബെയാണ് ഇന്ത്യ-ജപ്പാൻ-അമേരിക്ക- ആസ്ട്രേലിയ പ്രതിരോധസഖ്യം രൂപീകരിക്കാൻ ചുക്കാൻ പിടിച്ചത്. ക്വാഡ് എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ ചതുർരാഷ്ട്ര കൂട്ടായ്മ പസഫിക് സമുദ്രമേഖലയിൽ വർധിച്ചു വരുന്ന ചൈനീസ് സ്വാധീനത്തിനും സാന്നിധ്യത്തിനും വലിയ പ്രതിരോധമാണ് തീർത്തത്. 2014-ൽ റിപബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയ ആബെയുമായി നിർണായകമായ നിരവധി കരാറുകളിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിം​ഗ് ഒപ്പു വച്ചു. 

​നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഷിൻസോ ആബെയുമായി സൗഹൃദം സ്ഥാപിക്കുകയും ജപ്പാൻ സന്ദർശിക്കുകയും ചെയ്തിരുന്നു. ട്വിറ്ററിൽ അന്ന് മോദിയെ പിന്തുടർന്നിരുന്ന ഒരേ ഒരു അന്താരാഷ്ട്ര നേതാവായിരുന്നു ഷിൻസോ ആബെ. പിന്നീട് 2014-ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയായതോടെ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തലത്തിലേക്ക് ഉയർത്തി. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയടക്കം ഇന്ത്യയുടെ നിരവധി വികസന പദ്ധതികളിൽ ജപ്പാൻ ഇന്ന് പങ്കാളിയാണ്. 

ചൈനയ്ക്ക് പകരം വയ്ക്കാൻ പറ്റുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ജപ്പാനെ ആശ്രയിക്കുന്നു. ബുള്ളറ്റ് ട്രെയിനും ഫൈവ് ജിയിലുമടക്കം വിവിധ പദ്ധതികളിൽ ഇന്ത്യ ജപ്പാനെ പങ്കാളിയിക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഉദാഹരമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജപ്പാൻ ബാങ്ക് വളരെ കുറഞ്ഞ പലിശയിൽ വികസന പദ്ധതികൾക്ക് ഫണ്ടിം​ഗ് നടത്തുന്നുണ്ട്. ഇടക്കാലത്ത് മോശമായ ജപ്പാൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യയുമായുള്ള വ്യാപര സഹകരണം വലിയ ഊ‍ർജ്ജം നൽകിയിരുന്നു. 

ഉത്തര കൊറിയ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ജപ്പാനെ പര്യാപ്തമാക്കാനുള്ള തീവ്രശ്രമമാണ് പ്രധാനമന്ത്രി പദത്തിലിരുന്ന എട്ട് വർഷവും ആബെ നടത്തിയത്. 59 രാജ്യങ്ങളാണ് ഈ കാലയളവിൽ അദ്ദേഹം സന്ദർശിച്ചത്. ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായെല്ലാം ഈ കാലയളവിൽ ജപ്പാൻ ശക്തമായ പ്രതിരോധസഹകരണം ഉറപ്പാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരായുധീകരിക്കപ്പെട്ട ജപ്പാൻ സൈന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾക്കും ആബെ തുടക്കമിട്ടു.  2017-ൽ  മൂന്നാംവട്ടവും ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയിരുന്നു. 2020-ൽ ആഴ്ചകളോളം ആശുപത്രിയിൽ തുടരേണ്ട സാഹചര്യം വന്ന ആബെ ആ​ഗസ്റ്റിൽ അനാരോ​ഗ്യം ചൂണ്ടിക്കാട്ടി ജപ്പാൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തു.